ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സി.ബി.ഐ. ആറസ്റ്റ് ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍രെ ആരോഗ്യനിലയില്‍ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകന്‍. ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉറക്കത്തിനിടെ അപകടകരമാംവിധം താഴുന്നുവെന്ന് അഭിഭാഷകനായ മനു അഭിഷേക് സിംഘ്വി കോടതിയില്‍ പറഞ്ഞു.
അഞ്ചുതവണ അദ്ദേഹത്തിന്റെ ഷുഗര്‍നില 50-ല്‍ താഴ്ന്നുവെന്നും ഉറക്കത്തിനിടെ ഇത്തരത്തില്‍ പ്രമേഹനില താഴുന്നത് അപകടകരമാണെന്നും ഇങ്ങനെ മുന്നോട്ട് പോയാല്‍ കെജ്രിവാള്‍ ഉറക്കത്തില്‍നിന്ന് ഒരിക്കലും ഉണരാതെയാകുമെന്നും അദ്ദേഹം കോടതിയോട് പറഞ്ഞു. സി.ബി.ഐയുടെ അറസ്റ്റ് ചോദ്യംചെയ്ത് കെജ്രിവാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദംകേള്‍ക്കവെയാണ് മനു അഭിഷേക് സിംഘ്വി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഹര്‍ജി കോടതി വിധി പറയാനായി മാറ്റി. ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയും കോടതി വിധിപറയാനായി മാറ്റി.
‘കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉറക്കത്തിനിടെ 50-ലേക്ക് താഴ്ന്നു. ഇത് ആശങ്കയുണ്ടാക്കുന്നതാണ്. സി.ബി.ഐ. കസ്റ്റഡിയിലിരിക്കെ കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അഞ്ചുതവണയാണ് 50-ലേക്ക് താഴ്ന്നത്. ഒരാള്‍ ഉറങ്ങുമ്പോള്‍ അയാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് അപകടകരമാണ്. അയാള്‍ ഒരുപക്ഷേ ഒരിക്കലും ഉണരാതെയാകും. കാര്യങ്ങള്‍ സമഗ്രമായി നോക്കിക്കാണേണ്ടതുണ്ട്. മൂന്ന് കോടതി ഉത്തരവുകള്‍ അനുകൂലമായി ഉണ്ട്’, മനു അഭിഷേക് സിംഘ്വി കോടതിയില്‍ പറഞ്ഞു.
‘യാതൊരു അടിസ്ഥാനവുമില്ലാത്ത അറസ്റ്റാണ് ഇത്. റദ്ദാക്കപ്പെട്ട ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചതുകൊണ്ടാണ് സി.ബി.ഐ. അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അവര്‍ക്ക് കേള്‍ക്കേണ്ട ഉത്തരം ഞാന്‍ പറയുന്നതുവരെ അറസ്റ്റുചെയ്ത് വെക്കാന്‍ അവര്‍ക്ക് കഴിയുമോ? ‘ഞാന്‍ നിരപരാധിയാണ്, ഒന്നും ചെയ്തിട്ടില്ല’ എന്നുപറയുമ്പോള്‍ അത് ഒഴിഞ്ഞുമാറുന്നതായി വ്യാഖ്യാനിക്കുന്നു. പറയുന്നത് സത്യമാണ്, അല്ലാതെ ചോദ്യം ചോദിക്കുന്നവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഉത്തരമല്ല’, അദ്ദേഹം കോടതിയില്‍ പറഞ്ഞു.
51 1 minute read