KERALALATEST

കെമാല്‍ പാഷയെ വിമര്‍ശിച്ച് മുഖ്യമന്ത്രി; അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും കുടപിടിക്കാനാവരുത് വിമര്‍ശനം

കൊച്ചി: വൈറ്റില മേല്‍പാലം ജനങ്ങള്‍ തുറന്നതില്‍ തെറ്റില്ലെന്നു പറഞ്ഞ ജസ്റ്റിസ് കെമാല്‍ പാഷയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാരിവട്ടം മേല്‍പാലം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കൊച്ചിയിലെ ജനകീയ കൂട്ടായ്മയ്‌ക്കെതിരെയും ജസ്റ്റിസ് കെമാല്‍ പാഷയ്‌ക്കെതിരെയും വിമര്‍ശനം ഉയര്‍ത്തിയത്. നീതി പീഠത്തില്‍ ഉന്നത സ്ഥാനം വഹിച്ചവര്‍ ഉത്തരവാദിത്തമില്ലാത്ത വിമര്‍ശനം നടത്തരുത്. അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും കുടപിടിക്കാനാവരുത് വിമര്‍ശനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അങ്ങനെയുണ്ടായാല്‍ അതിനോട് സഹതപിക്കാനേ നിര്‍വാഹമുള്ളൂ. അരാചകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ പ്രോത്സാഹനം വേണ്ടത് എന്നു ചിന്തിക്കാന്‍ വേണ്ട വിവേകം അവര്‍ക്കുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മേല്‍പാലം പദ്ധതി പൂര്‍ത്തീകരണത്തിന് പലതരം പ്രതിസന്ധി നേരിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിനെ അഭിനന്ദിച്ച മുഖ്യമന്ത്രി നിര്‍മാണ വൈദഗ്ധ്യത്തില്‍ പിഡബ്ലിയുഡി രാജ്യത്തെ മുന്‍നിര ഏജന്‍സിയാണെന്നും പറഞ്ഞു. പാലം ഉദ്ഘാടനത്തിനു മുമ്പേ തുറന്നവരെയും പിന്തുണച്ചവരെയും അദ്ദേഹം വിമര്‍ശിച്ചു. കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്തി നേടുന്ന ഒരു ചെറിയ ആള്‍ക്കൂട്ടമാണിവരെന്നു അദ്ദേഹം പറഞ്ഞു.
വൈറ്റില മേല്‍പാലം ആരുടെയും വീട്ടിലെ തേങ്ങവെട്ടി നിര്‍മിച്ചതല്ലെന്നും ഒരു ദിവസമെങ്കില്‍ ഒരു ദിവസം നേരത്തെ പാലം തുറന്നു കൊടുക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് കെമാല്‍ പാഷ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്ട്രീയ വിലപേശലിനു വേണ്ടി ഉദ്ഘാടനം വൈകിപ്പിക്കുകയല്ല വേണ്ടത്. വൈറ്റിലയിലുണ്ടായത് ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണെന്നുംകെമാല്‍ പാഷ പറഞ്ഞിരുന്നു.
ഇതിനെതിരെ മന്ത്രി ജി. സുധാകരനും കഴിഞ്ഞ ദിവസം ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയിരുന്നു. ഏതൊരു ഭിക്ഷക്കാരന്‍ പാലത്തില്‍ കയറിയാലും ഉദ്ഘാടനം നടത്താമെന്നു പറഞ്ഞതിനോടായിരുന്നു പ്രതിഷേധം. ഏതെങ്കിലും ഭിക്ഷക്കാരന്‍ വിധിപറഞ്ഞാല്‍ മതിയെന്ന് അദ്ദേഹം പറയുമോ എന്ന് ജി. സുധാകരന്‍ ചോദിച്ചിരുന്നു. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നും നാട്ടുനടപ്പുണ്ടെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്.

Related Articles

Back to top button