സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് എട്ട് കോവിഡ് മരണം

തൃശ്ശൂര്‍: ഞായറാഴ്ച ഉച്ചവരെ കേരളത്തില്‍ സ്ഥിരീകരിച്ചത് എട്ട് കോവിഡ് മരണം. ഇന്നലെ മരിച്ച തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ശാരദ (70)യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശാരദ.
തിരുവനന്തപുരത്ത് സ്ഥിരീകരിച്ച മൂന്ന് മരണം അടക്കം സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് എട്ട് മരണങ്ങളാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരനും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. വിചാരണ തടവുകാരനായ മണികണ്ഠന്‍ (72) ആണ് കോവിഡ് ബാധിച്ച് മരിച്ചത്.
വയനാട് വാളാട് സ്വദേശി ആലി (73), കണ്ണൂര്‍ കണ്ണപുരം സ്വദേശി കൃഷ്ണന്‍, ആലപ്പുഴ പത്തിയൂര്‍ സ്വദേശി സദാനന്ദന്‍ (63), കോന്നി സ്വദേശി ഷഹറുബാന്‍ (54), ചിറയിന്‍കീഴ് സ്വേദേശി രമാദേവി (68), കഴിഞ്ഞ ദിവസം മരിച്ച പരവൂര്‍ സ്വദേശി കമലമ്മ (85) എന്നിവരുടെ മരണവും കോവിഡ് മൂലമാണെന്ന് ഞായറാഴ്ച സ്ഥിരീകരിച്ചു.
ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലായിരുന്ന വയനാട് സ്വദേശി ആലിയെ ജൂലായ് 28ന് ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ മറികടന്ന് വിവാഹച്ചടങ്ങുകള്‍ നടത്തിയതിനെ തുടര്‍ന്ന് കോവിഡ് വ്യാപനമുണ്ടായ മേഖലയാണ് വാളാട്. ഈ വാളാട് ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട പ്രദേശത്തെ താമസക്കാരനായിരുന്നു അലി. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരണം സംഭവിച്ചത്.
ശനിയാഴ്ച രാത്രിയോടെയാണ് കണ്ണൂര്‍ സ്വദേശി കൃഷ്ണന്‍ മരിച്ചത്. വ്യാഴാഴ്ചയോടെയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം.
ശനിയാഴ്ച രാത്രിയോടെയാണ് ആലപ്പുഴ സ്വദേശിയായ സദാനന്ദന്‍ മരിച്ചത്. ജൂലായ് അഞ്ചു മുതല്‍ ഇദ്ദേഹം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയം, കരള്‍, വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
കോന്നി സ്വദേശി ഷഹറുബാന്‍ (54) ആണ് പത്തനംതിട്ടയില്‍ മരിച്ചത്.
ശനിയാഴ്ച മരിച്ച തിരുവനന്തപുരം ചിറയിന്‍കീഴ് സ്വേദേശി രമാദേവി (68) ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസം മരിച്ച പരവൂര്‍ സ്വദേശി കമലമ്മ (85)യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇവരുടെ മരണത്തിനു ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ അതിനു മുന്‍പുതന്നെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ മൃതദേഹം സംസ്‌കരിച്ചിരുന്നു.