തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് എം.എല്‍.എമാര്‍ക്ക് സി.പി.എം നിര്‍ദേശം. ലൈഫ് പദ്ധതിയിലെ വിവാദങ്ങള്‍ക്ക് ഇതിലെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് എംഎല്‍എമാര്‍ മറുപടി നല്‍കണം. ഇതിലൂടെ ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റണമെന്നും സി.പി.എം നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.എം എംഎല്‍എമാരുടെ യോഗത്തിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇത്തരമൊരു നിര്‍ദേശം എം.എല്‍.എമാര്‍ക്ക് നല്‍കിയത്.
സമൂഹമാധ്യമങ്ങളില്‍ എം.എല്‍.എമാര്‍ കൂടുതല്‍ സജീവമാകണമെന്നും സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ പ്രചരിപ്പിക്കണമെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിനെതിരേ പ്രതിപക്ഷം തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെ ഇതിനെ പ്രതിരോധിക്കാന്‍ എംഎല്‍എമാര്‍ക്ക് സി.പി.എം നിര്‍ദേശം നല്‍കിയത്.