BREAKING NEWSKERALALATESTNEWS

കേരളത്തില്‍ ഇന്നും നാളെയും അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ജലനിരപ്പ് ഇയര്‍ന്നതോടെ പലയിടത്തും ജനവാസകേന്ദ്രങ്ങളില്‍ നിന്നും ആളുകളെ മാറ്റുന്നത് തുടരുകയാണ്. കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കേരളത്തില്‍ ഇന്നും നാളെയും അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ഇന്ന് മഴ കൂടുതല്‍ ശക്തമാകും. നാളെ കഴിഞ്ഞാല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ബുധനാഴ്ച്ച വരെ മഴ തുടരുമെന്നാണ് നേരത്തെ നല്‍കിയ മുന്നിറിയിപ്പ്. എന്നാല്‍ കാറ്റിന്റെ വേഗതയും മാറ്റവും അനുസരിച്ച് ഇതില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. ഇതിനാല്‍ ബുധനാഴ്ച്ച ശേഷവും കേരളത്തില്‍ മഴ ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
അതേ സമയം വയനാട്, ഇടുക്കി, പത്തനംതിട്ട,പാലക്കാട്, കോഴിക്കോട് ജില്ലകള്‍ വെള്ളപ്പൊക്ക സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്‍ അറിയിപ്പ്. മഴയുടെ തുടരുന്ന പശ്ചാത്തലത്തില്‍ പെരിയാര്‍, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്റിയാട്ടി നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
മധ്യകേരളത്തില്‍ ആലപ്പുഴ ,കോട്ടയം ജില്ലകളില്‍ സ്ഥിതി ഗതികള്‍ രൂക്ഷമായി തുടരുന്നു. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നതോടെ കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. കോട്ടയം ടൗണിന് സമീപത്തുള്ള ചാലുകുന്നു, പനയക്കപ്പ് തുടങ്ങിയ ഭാഗത്തെ നിരവധി ഭാഗത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. വീടുകളിക്കുള്ള റോഡുകളും വെള്ളത്തിനടിയിലായി. മണര്‍കാട് കാര്‍ ഒലിച്ചുപോയി കാണാതായ ജസ്റ്റിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയത്ത് 154 ദുരിതാശ്വാസ ക്യാമ്പുകളിലായി 3986 പേര്‍ കഴിയുന്നുണ്ട്. കോട്ടയം താലൂക്കിലാണ് കൂടുതല്‍ ക്യാമ്പുകളുള്ളത്. ഇവിടെ 102 ക്യാമ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
പമ്പ ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ട് അടി വീതം തുറന്നതോടെ പത്തനംതിട്ടയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. എട്ട് മണിക്കൂര്‍ കൊണ്ട് അണക്കെട്ടിലെ ജലനിരപ്പ് 982 മീറ്ററിലേക്ക് എത്തിക്കാമെന്നാണ് കണക്കുകൂട്ടല്‍. പമ്പ നദിയില്‍ നാല്‍പ്പത് സെന്റീമീറ്ററെങ്കിലും ജലനിരപ്പ് ഉയരും. അഞ്ചു മണിക്കൂറിനുള്ളില്‍ റാന്നി നഗരത്തിലേക്ക് വെള്ളമെത്തുമെന്നാണ് കരുതുന്നത്.
പ്രമാടത്ത് അച്ചന്‍കോവില്‍ ആറ്റില്‍ വീണ 75 കാരനെ കാണാതായി. പ്രമാടം കൊടുന്തറ സ്വദേശി രാജന്‍ പിള്ളയെയാണ് കാണാതായത്. പൊലീസും അഗ്‌നിശമന സേനയും ഇയാള്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.
ആലപ്പുഴ കുട്ടനാട്ടില്‍ വ്യാപക മട വീഴ്ചയില്‍ 600 അധികം ഏക്കറില്‍ കൃഷി നശിച്ചു. വീടുകളില്‍ വെള്ളം കയറിയതോടെ ആളുകള്‍ ദുരിതാശ്വാസ ക്യാമ്പിലേക്കുംം ബന്ധുവീടുകളിലേക്ക് മാറിത്തുടങ്ങി. ക്യാമ്പുകളുടെ എണ്ണം 40 ആയി.
തിരുവനന്തപുരം ജില്ലയിലുണ്ടായ മഴക്കെടുതിയില്‍ 37 വീടുകള്‍ പൂര്‍ണമായും 199 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 584 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കടല്‍ക്ഷോഭമുണ്ടായ പ്രദേശങ്ങളില്‍ ആവവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 5600 ല്‍പരം കര്‍ഷകരുടെ 5,875 ഹെക്ടര്‍ കൃഷി നശിച്ചു. ഇതിലൂടെ 2,144 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട് മഴ ശക്തമായ സാഹചര്യത്തില്‍ നെയ്യാര്‍, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
മലപ്പുറം കാളികാവില്‍ വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു.പള്ളിശ്ശേരിയിലെ നരിമടക്കല്‍ സവാദ് (17) ആണ് മരിച്ചത്. കുളിക്കുന്നതിനിടയില്‍ കാല്‍ വഴുതി വീണതാണെന്ന് കരുതുന്നത്.

Related Articles

Back to top button