BREAKINGKERALA

‘കേരള’യില്‍ ഗ്രേസ് മാര്‍ക്ക് തട്ടിപ്പിന് നീക്കം; യുവജനോത്സവ വിജയികളുടെ പട്ടികയ്ക്കെതിരെ വി.സിക്ക് പരാതി

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല യുവജനോത്സവത്തിന്റെ മറവില്‍ ഗ്രേസ് മാര്‍ക്ക് തട്ടിപ്പിന് ശ്രമം. വിഷയത്തില്‍ സേവ് യൂണിവേസിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്.
യുവജനോത്സവ മത്സരങ്ങളില്‍ വിധിനിര്‍ണയം നടത്തുന്നതിനെ ചൊല്ലി യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭരിക്കുന്ന എസ്.എഫ്.ഐയിലുണ്ടായ ചേരിതിരിവിനെയും ഏറ്റുമുട്ടലിനെയും തുടര്‍ന്ന് മത്സര വിജയികളുടെ പട്ടിക തടഞ്ഞുവെച്ചിരുന്നു. ഈ പട്ടിക പ്രസിദ്ധീകരിക്കാനാണ് നീക്കം നടക്കുന്നത്. ഒരോ ഗ്രൂപ്പിനമത്സരങ്ങളില്‍ പങ്കെടുത്ത നാല് കോളേജ് ടീമുകള്‍ക്കുവരെ ഒന്നും രണ്ടു മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹത നേടിയതായികാണിച്ചാണ് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത്.
ഗ്രൂപ്പ് മത്സരങ്ങളില്‍ കൂടുതല്‍ പേര്‍ ഒന്നാം സ്ഥാനം നേടിയതായി പ്രഖ്യാപിച്ചാണ് പുതിയ ഗ്രേസ് മാര്‍ക്ക് തട്ടിപ്പ് നടത്തുന്നത്. ഇതോടെ ഒരു ഗ്രൂപ്പ് ഐറ്റത്തില്‍ ഉള്‍പ്പെടുന്ന പത്തുമുതല്‍ പന്ത്രണ്ടു പേര്‍ക്കു വരെ ഓരോ പേപ്പറിനും ആറു ശതമാനം മാര്‍ക്ക് അധികമായി ലഭിക്കും. അതുകൊണ്ട് ഗ്രൂപ്പ് മത്സരങ്ങളിലാണ് കൂടുതല്‍ പേര്‍ക്കും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നല്‍കിയിരിക്കുന്നത്.
വഞ്ചിപ്പാട്ട്, കോല്‍ക്കളി, ദഫ് മുട്ട്, ഒപ്പന, വൃന്ദവാദ്യം, മാര്‍ഗംകളി, സമൂഹ ഗാനം എന്നിവയില്‍ പങ്കെടുത്ത 72 കോളേജ് ടീമികള്‍ക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നല്‍കിയാണ് തിരിമറി നടത്തിയിരിക്കുന്നത്. ഇതിലൂടെ 800-ഓളം വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ഒന്നിച്ച് ഗ്രേസ് മാര്‍ക്കിന് അര്‍ഹത ലഭിക്കും.പരമാവധി ഓരോ വിദ്യാര്‍ത്ഥികള്‍ക്കും 60 മാര്‍ക്ക് വരെ ലഭിക്കുമെന്നാണ് ആരോപണം.
വിധികര്‍ത്താക്കള്‍ മാര്‍ക്കിടുമ്പോള്‍ ഒരു മത്സരത്തില്‍ നാല് ഗ്രൂപ്പുകള്‍ക്കുവരെ ഒരേ മാര്‍ക്ക് ലഭിച്ചതാണ് തിരിമറി നടന്നിട്ടുള്ളതായി സംശയിക്കാന്‍ കാരണം. എന്നാല്‍, ഒറ്റയ്ക്കുള്ള മത്സരങ്ങളില്‍ തിരിമറിനടന്നതായി ആക്ഷേപമില്ല. ഒരേ സ്ഥാനത്തിന് ഒന്നില്‍ കൂടുതല്‍ പേര്‍ അര്‍ഹത നേടിയിട്ടുമില്ല.
കേരള സര്‍വകലാശാലയിലെ യുവജനോത്സവ മത്സര വിജയികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ വൈകിയാല്‍ ഈ മാസം അവസാനം പ്രസിദ്ധീകരിക്കേണ്ട ബിരുദ പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റില്‍ മത്സര വിജയികള്‍ക്ക് ലഭിക്കേണ്ട ഗ്രേസ് മാര്‍ക്കുകള്‍ ഉള്‍പ്പെടുത്താനാവില്ല. ഇത് മുന്നില്‍ കണ്ടാണ് വിജയികളുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം.
കേരള സര്‍വ്വകലാശാല യുവജനോത്സവത്തില്‍ മത്സര വിജയികളെ പ്രഖ്യാപിക്കുന്നതില്‍ എസ്.എഫ്.ഐക്കുള്ളിലെ ചേരിതിരിവ് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഗ്രേസ് മാര്‍ക്ക് ലക്ഷ്യം വെച്ച് ഗ്രൂപ്പ് മത്സരങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ഒന്നാം സ്ഥാനം നല്‍കാന്‍ തീരുമാനിച്ചതെന്നാണ് ഉയരുന്ന ആരോപണം.
ഗ്രൂപ്പ് മത്സരങ്ങളില്‍ യൂണിയനു താല്‍പ്പര്യമുള്ളവരുടെ പേരുകള്‍ ഉള്‍പ്പെടുത്താറുണ്ട്. അവര്‍ക്കെല്ലാം ഗ്രേസ് മാര്‍ക്കിന്റെ ആനുകൂല്യം ലഭിക്കും. ഉന്നത പഠനങ്ങള്‍ക്കുള്ള പ്രവേശനത്തിനുള്ള കുറുക്ക് വഴിയായി വിദ്യാര്‍ത്ഥികള്‍ ഈ മാര്‍ഗം കഴിഞ്ഞ നാളുകളായി പ്രയോജന പെടുത്തുന്നുണ്ട്.
ഗ്രൂപ്പ് മത്സരവിധികളില്‍ വ്യക്തമായ തിരിമറി നടന്നിരിക്കുന്നതായി ആക്ഷേപമുള്ളതുകൊണ്ട് ഗ്രൂപ്പ് മത്സരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കുകള്‍ നല്‍കുന്നത് തടയണമെന്നും വിധി നിര്‍ണ്ണയ പട്ടിക തയ്യാറാക്കിയവര്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി വൈസ് ചാന്‍സര്‍ക്ക് നിവേദനം നല്‍കിയിരിക്കുന്നത്.
കേരള സര്‍വകലാശാലയില്‍ കാലാവധി കഴിഞ്ഞ യൂണിവേഴ്‌സിറ്റി യൂണിയനാണ് യുവജനോത്സവം സംഘടിപ്പിച്ചതെന്ന ആരോപണം നേരത്തെതന്നെ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ വിധി ന്യായത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് കാസര്‍കോടുകാരനായ നൃത്താധ്യാപകന്‍ ഷാജി പൂത്തോട്ട എന്ന വിധികര്‍ത്താവ് ആത്മഹത്യ ചെയ്തത് ഏറെ ഒച്ചപ്പാടിന് കാരണമായിരുന്നു.
ഷാജി അടക്കമുള്ള മൂന്നു വിധികര്‍ത്താക്കളെ യൂണിയന്‍ ഭാരവാഹികളായ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായും ആരോപണം ഉണ്ടായിരുന്നു. തുടര്‍ന്ന് വിധിപ്രഖ്യാപനം വി.സി. തടഞ്ഞു. കാലാവധി കഴിഞ്ഞ സ്‌റുഡന്‍സ് യുണിയന്റെ കാലാവധി നീട്ടികൊടുക്കാന്‍ വി.സി. തയ്യാറായിരുന്നില്ല. യുണിയന്റെ ചുമതല സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ക്ക് കൈമാറിയിരുന്നു. അദ്ദേഹമാണ് ഇപ്പോള്‍ പുതിയ വിധി നിര്‍ണ്ണയ പട്ടിക തയ്യാറാക്കിയത്.
യുവജനോത്സവ നടത്തിപ്പിലെ വീഴ്ചകള്‍ പരിശോധിക്കാന്‍ സിന്‍ഡിക്കേറ്റിന്റെ ഒരു ഉപസമിതിയും രൂപീകരിച്ചിരുന്നു. സമിതി ഇതേവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.
സര്‍വ്വകലാശാല യൂണിയനാണ് യുവജനോത്സവ നടത്തിപ്പിന്റെ ചുമതല. മുന്‍കാലങ്ങളില്‍ കലോത്സവങ്ങളില്‍ വിധികര്‍ത്താക്കളില്‍ അഴിമതി നടത്തിയതിന് കരിമ്പട്ടികയില്‍പെട്ടവരെയും വിധിനിര്‍ണ്ണയ പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നതായി ആക്ഷേപമുണ്ട്. എസ്.എഫ്.ഐയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെയാണ് യുവജനോത്സവത്തിന്റെ ജനറല്‍ കണ്‍വീനറായി നിയോഗിച്ചിരുന്നത്.
എം.ജി, സംസ്‌കൃത, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വ്വകലാശാലകളില്‍ നടന്ന യുവജനോത്സവങ്ങളിലെ വിധി നിര്‍ണയങ്ങളിലും സമാനമായ വ്യാപക പരാതികള്‍ ഉയര്‍ന്നതായും എസ്.എഫ്.ഐയുടെ നിയന്ത്രണത്തിലാണ് വിധി നിര്‍ണയം നടത്തുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
സംസ്‌കൃത സര്‍വകലാശാലയുടെ കഴിഞ്ഞ യുവജനോത്സവത്തില്‍ ഗ്രൂപ്പ് മത്സരത്തില്‍ പങ്കെടുക്കാത്ത ഒരു എസ്.എഫ്.ഐ. പ്രവര്‍ത്തകയെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയത് മത്സരത്തില്‍ പങ്കെടുത്ത മറ്റു വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്ത്തിരുന്നു. എന്നാല്‍, താന്‍ ആ മത്സരത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന വിദ്യാര്‍ഥിനിയുടെ തന്നെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ സംസ്‌കൃത വി.സി. തന്നെ ഗ്രേസ് മാര്‍ക്ക് ലഭിക്കേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഈ അടുത്തകാലത്ത് വിവാദമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button