തിരുവനന്തപുരം : സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ ലോക്ഡൗണിനു തുല്യമായ കടുത്ത നിയന്ത്രണങ്ങള്‍. കൊല്ലം ജില്ലയില്‍ കൊട്ടാരക്കര, പരവൂര്‍, കരുനാഗപ്പള്ളി നഗരസഭകളും ആകെയുള്ള 68 ഗ്രാമപഞ്ചായത്തുകളില്‍ 45 എണ്ണവും പൂര്‍ണമായി അടച്ചു. ഇതില്‍ 31 തദ്ദേശ സ്ഥാപനങ്ങളും ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണില്‍പ്പെടുന്നു. കൊല്ലം കോര്പറേഷന്, പുനലൂര്‍ നഗരസഭ എന്നിവ ഭാഗികമായി കണ്ടെയ്ന്മെന്റ് സോണുകള്‍. ജില്ലയില്‍ 7 ഡിപ്പോയും 2 ഓപ്പറേറ്റിങ് സെന്ററുമുള്ള കെഎസ്ആര്‍ടിസി മൂന്നെണ്ണമൊഴികെ എല്ലാം അടച്ചു.
കാസര്‍കോട് ചെങ്കളയില്‍ വരനും വധുവും ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹച്ചടങ്ങ് സംഘടിപ്പിച്ചതിനു കേസെടുത്തു. വിവാഹ വീട് കേന്ദ്രീകരിച്ചു പുതിയ ക്ലസ്റ്റര്‍ പ്രഖ്യാപിച്ചു. മംഗല്പാടി പഞ്ചായത്തിലും വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കു രോഗം കണ്ടെത്തി. ഈ ചടങ്ങുകളില്‍ പങ്കെടുത്തവരോടു ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു.
കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, നീലേശ്വരം പൊലീസ് സ്റ്റേഷന് പരിധിയില്‍ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുഗതാഗതവും കൂടിച്ചേരലും അനാവശ്യ യാത്രകളും നിരോധിച്ചു. ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ 5 വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാന്‍ അനുമതിയുള്ളൂ.