LATESTCRICKETSPORTS

കേരള പ്രീമിയര്‍ ലീഗിന് മാര്‍ച്ച് ആറിന് കിക്കോഫ്

കൊച്ചി : ഏഴാമത് കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് മാര്‍ച്ച് ആറിന് കിക്കോഫ്.
കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കേരള പ്രീമിയര്‍ ലീഗ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടൂര്‍ണമെന്റും ദക്ഷിണേന്ത്യയിലെ ഏക സ്‌റ്റേറ്റ് ലീഗും ഇത് തന്നെ.
2018ല്‍ നടന്ന കഴിഞ്ഞ ആറാമത് ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ആയിരുന്നു ജേതാക്കള്‍. ഗോകുലം എഫ്.സി റണ്ണേഴ്‌സ് അപ്പും. ഇത്തവണ രണ്ടു ഗ്രൂപ്പുകളിലായി 12 ടീമുകളാണ് പങ്കെടുക്കുന്നത്. ഗ്രൂപ്പ് എ യില്‍ ബാസ്‌കോ, ഗോകുലം കേരള എഫ്.സി, കേരള പോലീസ്, ലൂക്ക എഫ്‌സി, എഫ്.സി. കേരള, സാറ്റ് തിരൂര്‍ എന്നീ ടീമുകളും ഗ്രൂപ്പ് ബിയില്‍ മാര്‍ അത്തനേഷ്യസ് ഫുട്‌ബോള്‍ അക്കാദമി, കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി,കെ.എസ്.ഇ.ബി, കേരള യുണൈറ്റഡ് എഫ്.സി, കോവളം എഫ്.സി എന്നീ ടീമുകളും മത്സരിക്കും.
മാര്ച്ച് ആറിന് വൈകുന്നേരം നാല് മണിക്ക് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള യുണൈറ്റഡ് എഫ്.സി, കോവളം എഫ്. സിയെ നേരിടും. അന്നു തന്നെ ഗ്രൂപ്പ് എയില്‍ ലൂക്ക എസ്.സി, എഫ്.സി കേരളയേയും നേരിടും. ഗ്രൂപ്പ് എ മത്സരങ്ങള്‍ തൃശൂരിലും ഗ്രൂപ്പ് ബി മത്സരങ്ങള്‍ കൊച്ചിയിലും നടക്കും.
കൊച്ചിയിലെ മത്സരങ്ങള്‍ നാല് മണിക്കും. തൃശൂരില്‍ ഏഴ് മണിക്കും ആയിരിക്കും കിക്കോഫ്. 15 മത്സരങ്ങളുടെയും ലൈവ് സ്ട്രീമിങ്ങ് ഫേസ് ബുക്കിലൂടെ ഉണ്ടായിരിക്കും.
പോയിന്റ് അടിസ്ഥാനത്തില്‍ നടക്കുന്ന പ്രാഥമിക റൗണ്ടില്‍ നിന്നും രണ്ടു ടീമുകള്‍ വീതം സെമിഫൈനലിലേക്കു മുന്നേറും . . സെമി , ഫൈനല്‍ മത്സരങ്ങളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും.
ഫൈനലിസ്റ്റുകള്‍ ഇന്ത്യന്‍ ക്ലബ്ബ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെക്കന്റ് ഡിവിഷനിലേക്ക് യോഗ്യത നേടുമെന്ന പ്രത്യേകതയും ഇത്തവണയുണ്ട് .
കഴിഞ്ഞ സീസണുകളിലെപ്പോലെ പാതി വഴിയില്‍ വെച്ചു പിന്മാറുന്ന ടീമുകള്‍ക്ക് പിഴയും അഞ്ച് വര്‍ഷം വരെ നീണ്ട പുറത്താക്കലും നേരിടേണ്ടി വരുമെന്ന് കെ.എഫ്. എ ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ അറിയിച്ചു.
ജേതാക്കള്‍ക്ക് സ്ഥിരം ട്രോഫിയും മുന്നു ലക്ഷം രൂപയും റണ്ണേഴ്‌സ് അപ്പിനു ഒരു ലക്ഷം രൂപയുമാണ് പ്രൈസ് മണി. ഓരോടീമിനും അഞ്ച് വിദേശ താരങ്ങളെ ടീമിലുള്‍പ്പെടുത്താനാകും. പ്ലേയിങ്ങ് ഇലവനില്‍ മുന്നു പേരെയും ഉള്‍പ്പെടുത്താം.

Related Articles

Back to top button