KERALALATEST

ഒരു കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട് നാദാപുരത്ത് പ്രവാസിയെ തട്ടിക്കൊണ്ടു പോയി

നാദാപുരം: ഖത്തറിലെ ബിസിനസ് സംബന്ധമായ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് പ്രവാസിയായ ഗ്യഹനാഥനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. തൂണേരി മുടവന്തേരി സ്വദേശി മേക്കര താഴെ കുനി എം. ടി. കെ. അഹമ്മദിനെ (53) യാണ് ഇന്ന് പുലര്‍ച്ചെ ബലമായി കാറില്‍ തട്ടിക്കൊണ്ട് പോയത്. അഹമ്മദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘം ബലമായി കാറില്‍ പിടിച്ചു കയറ്റി കൊണ്ട് പോവുകയായിരുന്നു.
അഹമ്മദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും, ധരിച്ചിരുന്ന തൊപ്പിയും റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടു പോയതായി വിവരം ലഭിച്ചത്. പുലര്‍ച്ചെ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന പ്രദേശവാസിയാണ് ഇയാളെ തട്ടിക്കൊണ്ടു പോയതായി നാട്ടുകാരെ അറിയിച്ചത്.
ഖത്തറില്‍ അഹമ്മദിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൊയിലാണ്ടി സ്വദേശിയെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നതായും നഷ്ടപരിഹാരം ആവശ്യപ്പെട്ട് പല ഫോണില്‍ നിന്നുമായി അഹമ്മദിന് നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. തട്ടിക്കൊണ്ടു പോയതിന് ശേഷം സംഘത്തിലൊരാള്‍ അഹമ്മദിന്റെ വീട്ടിലെ മൊബൈല്‍ ഫോണില്‍ വിളിച്ചു ഒരു കോടി രൂപ നല്‍കണം എന്ന് പറഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു. മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച അന്വേഷണം ആരംഭിച്ചതായി നാദാപുരം പോലീസ് പറഞ്ഞു

Related Articles

Back to top button