BREAKING NEWSKERALA

സിഎജി വിവാദത്തില്‍ പ്രതിരോധം കടുപ്പിച്ച് സര്‍ക്കര്‍; രാഷ്ട്രപതിക്ക് അടക്കം പരാതി നല്‍കാന്‍ പ്രതിപക്ഷം

തിരുവനന്തപുരം: സിഎജി വിവാദത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ നീക്കവുമായി പ്രതിപക്ഷം. വിഷയത്തില്‍ രാഷ്ട്രപതിക്ക് അടക്കം പരാതി നല്‍കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായി അടക്കം പ്രതിപക്ഷം കൂടിയാലോചന തുടങ്ങി. സിഎജി റിപ്പോര്‍ട്ട് പരസ്യമാക്കിയത് ഗുരുതര ചട്ടലംഘനമാണെന്നാണ് വാദം. കിഫ്ബിക്കെതിരായ നീക്കത്തില്‍ സര്‍ക്കാരും ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ്. സിഎജിക്ക് വിശദമായ മറുപടി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
സര്‍ക്കാരിന് നല്‍കിയ കരട് റിപ്പോര്‍ട്ട് നിയമസഭയിലെത്തുന്നതിന് മുമ്പ് തന്നെ പുറത്ത് വിട്ട് പ്രതിരോധം തീര്‍ക്കാനുള്ള ധനമന്ത്രിയുടെ ശ്രമമാണ് വിവാദത്തിലായിരിക്കുന്നത്. കിഫ്ബിയെ തകര്‍ക്കാന്‍ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നായിരുന്നു ധനമന്ത്രിയുടെ വാദം.
മസാലബോണ്ടടക്കമുള്ള കിഫ്ബി വായ്പ്പകള്‍ അനധികൃതമെന്നും, ഭരണഘടനാ വിരുദ്ധമെന്നുമാണ് കരട് റിപ്പോര്‍ട്ട്. പരിശോധനയില്‍ ഒരിടത്തും ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത ഈ വാദങ്ങള്‍ കരട് റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചത് ഗൂഡാലോചനയാണെന്നാണ് സര്‍ക്കാര്‍ വാദം. അഴിമതി പുറത്തുവരുന്നതിന് മുന്നോടിയായുള്ള മുന്‍കൂര്‍ ജാമ്യമാണ് ധനമന്ത്രിയുടേതെന്നാണ് പ്രതിപക്ഷം പറയുന്നത്.
സിഎജിക്കെതിരെ രണ്ടും കല്‍പ്പിച്ചുള്ള നീക്കത്തിലാണ് തോമസ് ഐസക്. കിഫ്ബിയുടെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യുന്ന സിഎജി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ തോമസ് ഐസക് പാര്‍ട്ടിയെ അറിയിച്ചിരുന്നു. റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുമ്പോഴുണ്ടാകുന്ന ഭൂകമ്പം ബോധ്യപ്പെട്ട സിപിഎം, സിഎജിക്കെതിരായ രാഷ്ട്രീയ ആക്രമണത്തിന് പച്ചക്കൊടി കാണിക്കുകയായിരുന്നു.
കേസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ നിയമോപദേശം കൂടി തേടിയ ശേഷമാണ് തോമസ് ഐസക് സിഎജിക്കെതിരെ ആഞ്ഞടിച്ചത്. ഉടന്‍ തന്നെ വിയോജിപ്പ് വ്യക്തമാക്കി ചീഫ് സെക്രട്ടറി സിഎജിക്ക് കത്തു നല്‍കുകയും ചെയ്യും. ധനവകുപ്പ് ഇതിനുവേണ്ട കുറിപ്പ് തയാറാക്കി തുടങ്ങി. സര്‍ക്കാര്‍ വായ്പയെ സംബന്ധിച്ച ഭരണഘടനാ അനുച്ഛേദം കോര്‍പറേറ്റ് സ്ഥാപനമായ കിഫ്ബിക്ക് ബാധകമല്ല എന്നതാകും കത്തിലെ പ്രധാന വാദം.
വായ്പാ തിരിച്ചടവ് എങ്ങനെ നടത്തുമെന്നും വിശദീകരിക്കും. സര്‍ക്കാരിന് മറുപടിയുമായി സിഎജി രംഗത്തു വന്നാല്‍ ആക്രമണം കടുപ്പിക്കാനാണ് തീരുമാനം. വേണ്ടിവന്നാല്‍ മുഖ്യമന്ത്രിയും പരസ്യ വിമര്‍ശനത്തിന് തയാറായേക്കും. സര്‍ക്കാര്‍ പദ്ധതികളുടെ പരിശോധനയ്ക്ക് സിഎജിയുള്ളപ്പോള്‍ ഇഡി ഫയല്‍ ആവശ്യപ്പെടുന്നത് സമാന്തര ഭരണകൂടം ചമയലാണെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാരും സിപിഎമ്മും ആരോപിച്ചിരുന്നു. ആ ഭരണഘടനാ സ്ഥാപനമായ സിഎജിക്കെതിരെയാണ് ഇപ്പോള്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker