ശരിക്കും പറഞ്ഞാല്‍ ലോകം ഒരു അത്ഭുതമായിത്തോന്നിയത് സോഷ്യല്‍ മീഡിയ സജീവമായതിനു ശേഷമായിരിക്കണം. അത്തരം കാര്യങ്ങളാണ് ഓരോ ദിവസവും നാം സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ കാണുന്നത്. അതില്‍ തന്നെ നാം അന്തം വിട്ടിരിക്കുന്ന അനേകം വീഡിയോകളും ചിത്രങ്ങളുമുണ്ടാവും. ഹോ, ഇതൊക്കെ എന്തുതരം മനുഷ്യന്മാരാണ് എന്ന് നമ്മള്‍ ചിന്തിക്കുന്ന തരത്തിലുള്ളതാവും അവ.
അതുപോലെ, നമ്മുടെ കണ്ണുതള്ളിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നമുക്കറിയാം, ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ് രാജവെമ്പാല. ഒരുവിധം മനുഷ്യര്‍ക്കെല്ലാം അതിനെ പേടിയായിരിക്കും. സാധാരണ നിലയ്ക്ക് മനുഷ്യരെ അങ്ങനെ ഉപദ്രവിക്കാത്ത രാജവെമ്പാല പക്ഷേ പ്രകോപിതരായാല്‍ കാര്യം മാറും. മാത്രമല്ല, നല്ല വിഷമുള്ള പാമ്പുകളുമാണ് ഇവ. ആ രാജവെമ്പാലയെ കുളിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കാനാവുമോ? എന്നാല്‍, അങ്ങനെ കുളിപ്പിക്കുന്നൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത് ‘Invention’ എന്ന അക്കൗണ്ടാണ്. വീഡിയോയില്‍ കാണുന്നത് ഒരാള്‍ രാജവെമ്പാലയെ കുളിപ്പിക്കുന്നതാണ്. ഷവറില്‍ നിന്നും അതിന്റെ മുകളിലേക്ക് വെള്ളം ചീറ്റിക്കുന്നത് വീഡിയോയില്‍ കാണാം. രാജവെമ്പാലയാവട്ടെ ഒരു പൂച്ചക്കുഞ്ഞ് നില്‍ക്കുന്നത് പോലെയാണ് നില്‍പ്പ്. വീഡിയോയുടെ കൂടെ രാജവെമ്പാലയെ കുറിച്ചുള്ള വലിയൊരു വിവരണം തന്നെ നല്‍കിയിട്ടുണ്ട്. അതില്‍, ഇന്തോനേഷ്യയിലെ ഇടതൂര്‍ന്ന വനങ്ങളിലും സമൃദ്ധമായ കാടുകളിലും കാണുന്നൊരു ഉഗ്രവിഷമുള്ള പാമ്പാണ് ഇന്തോനേഷ്യന്‍ രാജവെമ്പാല (ഒഫിയോഫാഗസ് ഹന്ന). അത് ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ്, ചിലതിന് 5.5 മീറ്റര്‍ (18 അടി) വരെ നീളമുണ്ട് എന്നെല്ലാം എഴുതിയിരിക്കുന്നത് കാണാം.
എന്തായാലും, വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിത്തീര്‍ന്നു. നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. പാമ്പ് ഒരു പൂച്ചയെ പോലെയാണ് നില്‍ക്കുന്നതെന്നായിരുന്നു ഒരാളുടെ അഭിപ്രായം. കാണുന്ന എന്തിനെയും നമ്മള്‍ മനുഷ്യര്‍ താലോലിച്ച് കളയും എന്നായിരുന്നു അതേസമയം മറ്റൊരാളുടെ അഭിപ്രായം.
***