KERALAKOTTAYAMLATEST

ഇവര്‍ കറുകച്ചാലിന്റെ മെമ്പര്‍ ദമ്പതിമാര്‍

കോട്ടയം: തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയര്‍ന്നപ്പോള്‍ തന്നെ കറുകച്ചാലിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു ചമ്പക്കര ദ്വാരകയില്‍ അഡ്വ. കിരണ്‍ കുമാര്‍ – ശ്രീജിഷ കിരണ്‍ ദമ്പതിമാര്‍. ഇപ്പോഴിതാ ഇരുംവരും ഒരുമിച്ചു ജനപ്രതിനിധികളായി ജനങ്ങളിലേക്ക് ഇറങ്ങിചെന്നിരിക്കുകയാണ്. ഇടതു മുന്നണി സ്ഥാനാര്‍ത്ഥികളായാണ് ഇരുവരും മത്സരിച്ചത്. കറുകച്ചാലിന്റെ സാമൂഹിക സാംസ്‌കാരിക സഹകരണ മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന കാല്‍നൂറ്റാണ്ടോളം കറുകച്ചാല്‍ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന എസ് പ്രഭാകരക്കുറുപ്പിന്റെ മകനാണ് കിരണ്‍ കുമാര്‍. അദ്ദേഹം ദീര്‍ഘകാലം പ്രതിനിധിയായിരുന്ന നാലാം വാര്‍ഡിനെ കഴിഞ്ഞ തവണ പ്രതിനിധികരിച്ചത് ശ്രീജിഷയായിരുന്നു. ഇത്തവണ അത് ജനറല്‍ വാര്‍ഡ് ആയപ്പോള്‍ കിരണ്‍ കുമാര്‍ കന്നി അങ്കത്തിന് ഇറങ്ങുകയായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി തൊട്ടടുത്ത വാര്‍ഡായ അഞ്ചില്‍ മത്സരിക്കാന്‍ ശ്രീജിഷയ്ക്ക് അവസരം ലഭിച്ചത്. കഴിഞ്ഞ തവണ പ്രതിനിധീകരിച്ച വാര്‍ഡില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും ഇതിലൂടെ ലഭിച്ച ജനകീയ പിന്തുണയുമാണ് മറ്റൊരു വാര്‍ഡില്‍ മത്സരിക്കാന്‍ ശ്രീജിഷയ്ക്ക് കരുത്തേകിയത്. പുതിയൊരു തട്ടകം എന്ന തോന്നല്‍ പോലും പ്രചരണ രംഗത്തേക്ക് ഇറങ്ങിയപ്പോള്‍ ശ്രീജിഷയ്ക്ക് തോന്നിയില്ല. കടുത്ത മത്സരം നടന്നുവെങ്കിലും 44 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.
നാലാം വാര്‍ഡില്‍ മത്സര രംഗത്തേക്ക് ഇറങ്ങിയപ്പോള്‍ കിരണ്‍ കുമാറിന് യാതൊരു പുതുമയും തോന്നിയില്ല. അച്ഛന്റെ കാലം തൊട്ട് നാട്ടില്‍ എല്ലാ മേഖലകളിലും നിറഞ്ഞു നില്‍ക്കുന്ന, ഏതൊരാളുടെ ആവശ്യത്തിനും ഓടിയെത്തുന്ന എല്ലാവരുടെയും സ്വന്തം കൊച്ചുമോനായിരുന്നു അദ്ദേഹം. ചമ്പക്കര കരയില്‍ പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത വ്യക്തിത്വം. ഇതിനു പുറമേ ശ്രീജിഷ പ്രതിനിധിയായിരുന്നപ്പോള്‍ വാര്‍ഡില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍കൂടി ആയപ്പോള്‍ വിജയത്തിന് പകിട്ടേറി. 223 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയാണ് നാട്ടുകാര്‍ ഇദ്ദേഹത്തെ തങ്ങളുടെ മെമ്പറാക്കിയത്.
കറുകച്ചാലിന്റെ ഹൃദയഭാഗം ഉള്‍പ്പെടുന്ന രണ്ടു വാര്‍ഡുകളില്‍ ജനപ്രതിനിധികളായി നിസ്വാര്‍ത്ഥ സേവന രംഗത്തേക്ക് ഇവര്‍ എത്തുമ്പോള്‍ നാടിന്റെ വികസനവും ഒപ്പമെന്നു ജനങ്ങളും വിശ്വസിക്കുന്നു.

 

Related Articles

Back to top button