ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ച കിസാന്‍ റെയില്‍ പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. കിസാന്‍ റെയില്‍ പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് ആയി കിസാന്‍ സ്പെഷല്‍ പാഴ്സല്‍ ട്രെയിന്‍ ഇന്ന് സര്‍വീസ് നടത്തും.
മഹാരാഷ്ട്രയിലെ ദേവ്ലാലി മുതല്‍ ബിഹാറിലെ ദാനാപുര്‍ വരെയും തിരിച്ചുമാണ് സര്‍വീസ്. കേന്ദ്ര കൃഷിവകുപ്പു മന്ത്രി നരേന്ദ്ര സിങ് തോമര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ട്രെയിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കും.
ദേവ്ലാലിയില്നിന്ന് ഏഴാം തിയതി രാവിലെ 11ന് പുറപ്പെടുന്ന ട്രെയിന്‍ 1,519 കിലോമീറ്റര്‍ പിന്നിട്ട് പിറ്റേന്ന് വൈകുന്നേരം 6.45ന് ദാനാപുരിലെത്തും. ദാനാപുരില്‍നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ ദേവ്ലാലിയില്‍ തിങ്കളാഴ്ച രാവിലെ 7.45ന് എത്തിച്ചേരും. ട്രെയിന്‍ കുറഞ്ഞത് 14 സ്റ്റോപ്പുകളുണ്ടാകും.
ഇത്തരം സ്പെഷല്‍ പാഴ്സല്‍ ട്രെയിനുകള്‍ക്ക് പത്തു കോച്ചുകളാണുണ്ടാവുക. കര്‍ഷകര്‍ക്ക് പ്രദേശത്തെ റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട് പാഴ്സല്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ളവയാണ് ട്രെയിനില്‍ കൊണ്ടുപോവുക. കോവിഡ് കാലത്ത് ഉല്പന്നങ്ങള് വിറ്റഴിക്കാന്‍ ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് കിസാന്‍ റെയില്‍ സര്‍വീസുകള്‍ സഹായകമാകും.