തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തായി നടക്കുന്ന പ്രതിഷേധ സമരങ്ങളെ തള്ളി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് പ്രതിപക്ഷ സമരങ്ങൾ നടക്കുന്നതെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. ഏഴ് മാസത്തെ പ്രവർത്തനത്തിന്റെ ഫലം അപകടത്തിൽ ആക്കരുതെന്നും ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുതെന്നും ആരോഗ്യമന്ത്രി താക്കീത് നല്കി. സമരക്കാരെ പറഞ്ഞ് മനസിലാക്കണം. കേരളത്തിലെ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ട്.
കേരളത്തിൽ വൈറസിന് വ്യാപന ശേഷി കൂടുതലാണെന്നാണ് കണ്ടെത്തലെന്നും ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്ന മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫും ബിജെപിയും സംസ്ഥാനത്ത് പലയിടത്തായി പ്രതിഷേധിക്കുന്നത്.