BREAKINGNATIONAL

57 വര്‍ഷത്തെ ദാമ്പത്യം, 57 മുറിവുകള്‍; രഹസ്യബന്ധം സംശയിച്ച് റിട്ട.അധ്യാപകന്‍ ഭാര്യയെ കൊന്ന് വെട്ടിനുറുക്കി

പട്ന: സംശയത്തിന്റെ പേരില്‍ റിട്ട. അധ്യാപകന്‍ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി. ബിഹാറിലെ അര്‍വല്‍ സ്വദേശിയായ ബീര്‍ബല്‍ പ്രസാദ്(78) ആണ് ഭാര്യ സുമതി സിന്‍ഹയെ ക്രൂരമായി കൊലപ്പെടുത്തിയത്. കേസില്‍ ബീര്‍ബല്‍ പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു.
എട്ടുവര്‍ഷം മുന്‍പ് മരിച്ച തന്റെ ബന്ധുവുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടായിരുന്നതായി ആരോപിച്ചാണ് പ്രതി ക്രൂരമായ കൊലപാതകം നടത്തിയത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് മൃതദേഹം 12 കഷണങ്ങളാക്കി വെട്ടിനുറുക്കിയത്. ഇതിന് മുന്‍പ് 57 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന്റെ പ്രതീകമായി ഭാര്യയുടെ ശരീരത്തില്‍ 57 മുറിവുണ്ടാക്കുകയുംചെയ്തു.
സംഭവസമയം വീട്ടിലുണ്ടായിരുന്ന മരുമകള്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി മുറിയില്‍ പൂട്ടിയിട്ടിരുന്നു. തുടര്‍ന്ന് കൊച്ചുമകന്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോഴാണ് അരുകൊല പുറംലോകമറിയുന്നത്. സ്‌കൂള്‍ വിട്ടെത്തിയ കുട്ടി വീട്ടിനുള്ളിലാകെ ചോര കണ്ടതോടെ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ പ്രതി ആയുധം വീശി കുടുംബാംഗങ്ങളെയും അയല്‍ക്കാരെയും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Articles

Back to top button