കൊച്ചി: മലയാളത്തിലെ യുവനടിയെ ഷോപ്പിംഗ് മാളില്‍ വച്ച് അപമാനിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം. കേസിലെ പ്രതികളായ മുഹമ്മദ് ആദില്‍, മുഹമ്മദ് റംഷാദ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഷോപ്പിംഗ് മാളില്‍ വച്ച് തനിക്കുണ്ടായ ദുരനുഭവം ഇന്‍സ്റ്റഗ്രാമില്‍ നടി പങ്കുവച്ചതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. നടി പരാതി നല്കിയില്ലെങ്കിലും വിഷയത്തില്‍ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതികള്‍ ഒളിവില്‍ പോയി. സിസിടിവി ദൃശ്യങ്ങളെ പിന്തുടര്ന്നു നടന്ന അന്വേഷണമാണ് പ്രതികളിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചത്. അതേസമയം, ഒളിവില്‍ പോയ പ്രതികള്‍ പിന്നീട് പൊലീസിനു മുമ്പാകെ കീഴടങ്ങുകയായിരുന്നു.
അതേസമയം, ഇരുവരുടെയും കുടുംബങ്ങളെ വിചാരിച്ച് മാപ്പു നല്‍കുന്നതായി നടി അറിയിച്ചിരുന്നു. എന്നാല്‍, ഇത് പരിഗണിക്കാന്‍ കഴിയില്ലെന്നും തുടര്‍നടപടികളുമായി മുന്നോട്ടു പോകുമെന്നും പൊലീസ് അറിയിച്ചിരുന്നു. പൊലീസ് റിമാന്‍ഡില്‍ കഴിയുമ്പോഴാണ് ഇരുവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
കുടുംബവുമൊത്ത് ഷോപ്പിംഗിനെത്തിയപ്പോഴാണ് നടിക്ക് ദുരനുഭവമുണ്ടായത്. ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ചെറുപ്പക്കാര്‍ തന്നെ പിന്തുടര്‍ന്നെന്നാണ് നടി പോസ്റ്റില്‍ വ്യക്തമാക്കിയത്. ഹൈപ്പര്‍ മാര്‍ക്കറ്റ് ഭാഗത്തു വച്ചാണ് ശരീരത്തില്‍ സ്പര്‍ശിച്ചതെന്നും പിന്നീട് പച്ചക്കറി വാങ്ങുന്നയിടത്തും പിന്തുടര്ന്നെന്നും നടി പറഞ്ഞിരുന്നു.
നടിയുടെ സമൂഹമാധ്യമ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിയമനടപടി ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. മാളിലെ സിസിടിവി പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തും വരെ അന്വേഷണവുമായി സഹകരിക്കുമെന്ന് മാള്‍ അധികൃതരും അറിയിച്ചിരുന്നു.
തുടര്‍ന്ന്, സംഭവത്തിലെ പ്രതികളായ യുവാക്കളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിടുകയായിരുന്നു. മാളിലെ വിവിധയിടങ്ങളില്‍ നിന്നായി പരിശോധിച്ച ദൃശ്യങ്ങളില്‍ നിന്നും മാസ്ക് ഉപയോഗിച്ച് മുഖം മറഞ്ഞിരിയ്ക്കുന്ന സാഹചര്യത്തില്‍ പ്രതികളെ തിരിച്ചറിയാനാവാതെ വന്നതോടെയാണ് കളമശേരി പൊലീസ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.