KERALALATEST

യുഡിഎഫ് വിമതന്റെ കരുത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്. ഒരു യുഡിഎഫ് വിമതന്‍ കൂടി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു.
ലീഗ് വിമതനായ ടികെ അഷ്‌റഫ് കഴിഞ്ഞ ദിവസം എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച സനില്‍ മോനും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് കൊച്ചി നഗരസഭയില്‍ എല്‍ഡിഎഫ് ഭരണമുറപ്പിച്ചത്.
ഉപാധികളില്ലാതെയാണ് പിന്തുണ പ്രഖ്യാപിച്ചത്. സുസ്ഥിര ഭരണത്തിനാണ് എല്‍ഡിഎഫിന് പിന്തുണ നല്‍കുന്നതെന്ന് സനില്‍ മോന്‍ പ്രതികരിച്ചു. പശ്ചിമ കൊച്ചിയിലെ പനയപ്പിള്ളി എട്ടാം വാര്‍ഡില്‍ നിന്നാണ് സനില്‍ മോന്‍ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ.എസ്. യേശുദാസിനെയാണ് പരാജയപ്പെടുത്തിയത്.
74 അംഗ കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് 31ഉം എല്‍ഡിഎഫിന് 34ഉം സീറ്റുകളാണ് ലഭിച്ചത്. വിമതരായ നാല് പേരും എന്‍ഡിഎ സ്ഥാനാര്‍ഥികളായ അഞ്ച് പേരും വിജയിച്ചു. അഞ്ചംഗങ്ങളുള്ള ബി.ജെ.പി.യുടെ നിലപാട് ഭരണം മുന്നോട്ടു കൊണ്ടുപോകുന്നതില്‍ നിര്‍ണായകമാണ്. ഇടതുമുന്നണിയെയോ, യു.ഡി.എഫിനെയോ പരസ്യമായി പിന്തുണയ്ക്കാന്‍ ബി.ജെ.പി.ക്ക് സാധിക്കില്ല. ബി.ജെ.പി. മാറി നില്‍ക്കുമെന്നതിനാല്‍ 69 അംഗങ്ങളില്‍ ഭൂരിപക്ഷമായ 35 തികയ്ക്കാനായിരുന്നു മുന്നണികളുടെ നെട്ടോട്ടം.
ജില്ലാ കമ്മിറ്റി അംഗം എം. അനില്‍ കുമാറിനെയാണ് സി.പി.എം. മേയറായി നിശ്ചയിച്ചിട്ടുള്ളത്.

Related Articles

Back to top button