ERANAKULAMKERALALATEST

കൊച്ചിയിലെയും തൃശൂരിലെയും വെളളക്കെട്ട്: പരിഹരിക്കാന്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും താത്പര്യമില്ലേയെന്ന് ഹൈക്കോടതി

കൊച്ചി: എറണാകുളം , തൃശൂര്‍ നഗരങ്ങളിലെ വെളളക്കെട്ട് ഒഴിവാക്കാന്‍ നടപടിയെടുക്കാത്ത സര്‍ക്കാരിനും കോര്‍പറേഷനുമെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. കൊച്ചിയിലെ വെളളക്കെട്ട് പരിഹരിക്കാന്‍ കോര്‍പ്പറേഷന് താല്‍പര്യമില്ലേയെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചു. തൃശൂര്‍ നഗരത്തിലെ വെളളക്കട്ട് പരിഹരിക്കാന്‍ നടപടിയെടുക്കാത്ത സര്‍ക്കാരിനെതിരെ കോടതിലക്ഷ്യ നടപടി സ്വീകരിക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൊച്ചി നഗരത്തിലെ വെളളക്കെട്ട് പരിഹരിക്കുന്നതിന് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി കോര്‍പ്പറേഷന്‍ സഹകരിക്കുന്നില്ലെന്നാണ് ഹൈക്കോടതിയുടെ പ്രധാന വിമര്‍ശനം. കോടതിയാവശ്യപ്പെട്ട രേഖകള്‍ പോലും ഹാജരാക്കാന്‍ നഗരസഭയ്ക്ക് കഴിയുന്നില്ല. ഇതെന്തുകൊണ്ടാണ് സംഭവിക്കുന്നതെന്നും കോടതി ചോദിച്ചു. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജികളില്‍ കളക്ടറുടേയും നഗരസഭാ സെക്രട്ടറിയുടേയും സൂപ്രണ്ടിങ് എഞ്ചിനിയറുടേയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ വിമര്‍ശനം.
നഗരസഭാ സെക്രട്ടറി തങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് നഗരസഭാ കൗണ്‍സില്‍ നിയോഗിച്ച അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സെക്രട്ടറിയോട് കോടതി നിര്‍ദേശിച്ചു. ഇതിനിടെ തൃശൂരിലെ വെളളക്കെട്ട് പരിഹരിക്കുന്നതിന് ഹൈക്കോടതി പുറപ്പെടുവിച്ച മുന്‍ ഉത്തരവുകള്‍ നടപ്പാക്കാത്തതിനെതിരെയാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
നടപടിയെടുത്തില്ലെങ്കില്‍ കോടതിലക്ഷ്യ നടപടികളിലേക്ക് കടക്കേണ്ടിവരുമെന്ന മുന്നറിയിപ്പും അഡിഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസിന് നല്‍കിയിട്ടുണ്ട്. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് നെഞ്ചില്‍ കൈവെച്ച് പറയാന്‍ സര്‍ക്കാരിന് കഴിയുമോയെന്നും കോടതി ചോദിച്ചു.
കോടതി ഉത്തരവുകള്‍ ഫയലുകളിലെ കുറിപ്പുകളായി മാറുകയാണ്. സാധാരണക്കാരനായി മാറിക്കഴിഞ്ഞാല്‍ ന്യായാധിപനും സര്‍ക്കാര്‍ അഭിഭാഷകനുമെല്ലാം അഭയം തേടേണ്ടത് കോടതിയെ ആണെന്ന് മറക്കരുതെന്നും സിംഗിള്‍ ബെഞ്ച് ഓര്‍മിപ്പിച്ചു. തൃശൂരിലെ വെളളക്കെട്ട് പരിഹരിക്കുന്നതിന് കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ നടപ്പാക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന സര്‍ക്കാര്‍ അപേക്ഷയും കോടതി നിരസിച്ചു.

Related Articles

Back to top button