KERALALATEST

ജോലിക്കാരി വീണുമരിച്ച സംഭവം; ചുമത്തിയത് ദുര്‍ബല വകുപ്പ്, പോലീസിനെ വിമര്‍ശിച്ച് വനിത കമ്മിഷന്‍

തിരുവനന്തപുരം: കൊച്ചിയില്‍ ഫഌറ്റില്‍നിന്ന് ജോലിക്കാരി വീണുമരിച്ച സംഭവത്തില്‍ വനിത കമ്മീഷന്‍ ഇടപെടുന്നു. സംഭവത്തിലെ ദുരൂഹത നീക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് എന്ന വിമര്‍ശനമാണ് വനിത കമ്മിഷന്‍ ഉയര്‍ത്തിയിരിക്കുന്നത്. പോലീസ് ഈ കേസില്‍ പുനരന്വേഷണം നടത്തണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
തമിഴ്‌നാട് സേലം സ്വദേശിനി കുമാരി(രാജകുമാരി-55)ആണ് ഫഌറ്റിന്റെ ആറാംനിലയില്‍നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചത്. കൊച്ചി നഗരമധ്യത്തിലെ ഫഌറ്റിലായിരുന്നു കുമാരി ജോലി ചെയ്തിരുന്നത്.
കുമാരിയുടെ മരണം ദുരൂഹമാണ്. ഫഌറ്റില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കുമാരി മരിച്ചതെന്നു പറയുമ്പോള്‍ അതിന് കൃത്യമായ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ കേസില്‍ ഗൗരവമായ അന്വേഷണം വേണം. കേസിന്റെ അന്വേഷണ ചുമതലയുള്ള എറണാകുളം സെന്‍ട്രല്‍ സി.ഐ.യോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്.
ഫഌറ്റിലെ മറ്റ് താമസക്കാരോട് സംസാരിച്ച് വിശദമായ മൊഴി രേഖപ്പെടുത്താനും വിവരങ്ങള്‍ തേടാനുമുളള ശ്രമത്തിലാണ് വനിത കമ്മിഷന്‍.

Related Articles

Back to top button