BREAKING NEWSKERALALATEST

കൊച്ചി മെട്രോ ഭൂമി മറിച്ചുവില്‍ക്കാനും അനുമതി

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ പേരില്‍ കെ.എം.ആര്‍.എല്ലിനുള്ള നഷ്ടം നികത്താന്‍ നല്‍കിയ ഭൂമി സൗജന്യമായി പതിച്ചുനല്‍കി. 30 വര്‍ഷത്തിനുശേഷം സ്ഥലവില തിരിച്ചുനല്‍കണം എന്ന ഉപാധിയോടെ 2012ല്‍ നല്‍കിയ 138.38 കോടി ന്യായവിലയുള്ള 17.315 ഏക്കര്‍ 2018ല്‍ സൗജന്യമായി പതിച്ചുനല്‍കി.
യഥാര്‍ഥ വിപണിമൂല്യം 200 കോടിയില്‍ കൂടുതല്‍വരും. 12 വര്‍ഷത്തിനുശേഷമേ ഭൂമി മറിച്ചുവില്‍ക്കാവൂ എന്ന ഉപാധിയും ഒഴിവാക്കിക്കൊടുത്തു. സമാനമായി 16 ഏക്കര്‍കൂടി നല്‍കാനാണ് ഇപ്പോഴത്തെ ശ്രമം.
കെ.എം.ആര്‍.എല്ലിന് സ്ഥലവികസനത്തിലൂടെ 98 കോടി സമാഹരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഭൂമി നല്‍കണമെന്ന കേന്ദ്രവുമായുള്ള വ്യവസ്ഥ മറയാക്കിയാണ് നടപടികള്‍. ഭൂമി പാട്ടമായി നല്‍കിയാലും മതിയായിരുന്നു.
കൊച്ചിയില്‍ പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള 33 ഏക്കറില്‍ 17.315 ഏക്കര്‍ കെ.എം.ആര്‍.എല്ലിന് കമ്പോളവിലയായ 83.95 കോടിക്ക് പതിച്ചുനല്‍കാനായിരുന്നു മുന്‍ തീരുമാനം. ഈ തുക കെ.എം.ആര്‍.എല്ലിന് വായ്പ നല്‍കിയതായി കണക്കാക്കി 15 വര്‍ഷത്തേക്ക് മൊറട്ടോറിയം നല്‍കും. ഇതിനുശേഷം അഞ്ചുശതമാനം പലിശനല്‍കണം. എന്നാല്‍, 30ാം വര്‍ഷംമുതല്‍ അഞ്ച് തുല്യ ഗഡുക്കളായി സര്‍ക്കാരിലേക്ക് അടച്ചാല്‍മതി.
ധാരണ ഇങ്ങനെയായിരുന്നെങ്കിലും പിന്നീട് കെ.എം.ആര്‍.എല്ലിന്റെ ബാധ്യത കുറയ്ക്കാന്‍ ഈ ഭൂമി മറിച്ചുവില്‍ക്കുന്നതിന് അവര്‍ അനുമതിതേടി. റവന്യൂവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സെക്രട്ടറിമാരുടെ സമിതി ഇതിന് അനുകൂല നിലപാടെടുത്തു. സ്ഥലവില തിരിച്ചടയ്ക്കണമെന്നതുള്‍പ്പെടെ ഒരു വ്യവസ്ഥയുമില്ലാതെ മന്ത്രിസഭാ തീരുമാനപ്രകാരം ഭൂമി പതിച്ചുനല്‍കി. 2018 ഡിസംബറിലാണ് ഉത്തരവിറങ്ങിയത്.
കേന്ദ്രവുമായുള്ള കരാര്‍പ്രകാരം 98 കോടി രൂപ സമാഹരിക്കാനുള്ള സൗകര്യംമാത്രം ചെയ്തുകൊടുക്കേണ്ടതിനുപകരം സംസ്ഥാനസര്‍ക്കാര്‍ 138 കോടിയില്‍പ്പരം രൂപയുടെ ഭൂമി ദാനം നല്‍കുകയായിരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ പക്കല്‍ കൊച്ചിയിലുള്ള 16 ഏക്കര്‍ ഭൂമികൂടി ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍ കെ.എം.ആര്‍.എല്‍. പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസ് ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളും ഇതിലുണ്ട്. 16 ഏക്കര്‍ കൂടി വിട്ടുനല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് എതിര്‍പ്പുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker