BREAKING NEWSKERALALATEST

കൊച്ചി മെട്രോ ഉടന്‍ ഓടും; രാവിലെ 7 മുതല്‍ രാത്രി 8 വരെ

കൊച്ചി: സര്‍വീസ് പുനരാരംഭിക്കാന്‍ തയ്യാറായി കൊച്ചി മെട്രോ. കൊവിഡ് രോഗവ്യാപനം തടയാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. അടുത്ത മാസം ആദ്യം തന്നെ മെട്രോ സര്‍വീസ് തുടങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്നും കേന്ദ്ര അനുമതിക്കായി കാത്തിരിക്കുയാണെന്നും കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ അറിയിച്ചു.
അണ്‍ലോക്ക് 4.0 സെപ്റ്റംബര്‍ 1 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. നാലാം ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് സൂചന. കൂടുതല്‍ ഇളവുകള്‍ ലഭിക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ ഒന്ന് മെട്രോ ട്രെയിന്‍ സര്‍വീസുകളാണ്. കഴിഞ്ഞ മാര്‍ച്ച് 24നാണ് കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തി വെച്ചത്.
സര്‍വീസ് പുനരാരംഭിക്കുന്ന ഘട്ടത്തില്‍ ഓരോ 20 മിനിറ്റിലും ട്രെയിനുകള്‍ ഉണ്ടാകും. യാത്രക്കാരുടെ എണ്ണം ഓരോ ദിവസവും കൂടുന്നതനുസരിച്ച് ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം കൂട്ടാനാണ് തീരുമാനമെന്ന് കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ പറഞ്ഞു.
രാവിലെ 7 മണി മുതല്‍ രാത്രി 8 മണി വരെ മെട്രോ സര്‍വീസ് നടത്താനാണ് ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം. ആലുവയില്‍ നിന്നും തൈക്കൂടത്തുനിന്നും ആരംഭിക്കുന്ന അവസാന സര്‍വീസ് രാത്രി 8 മണിക്ക് ആയിരിക്കും. കേന്ദ്രമാര്‍ഗ നിര്‍ദേശം അനുസരിച്ചാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചത്.
തിരക്കുണ്ടാകാത്ത രീതിയില്‍ ട്രെയിന്‍ സര്‍വീസ് നടത്താനാണ് കെഎംആര്‍എല്‍ തീരുമാനം. 20 സെക്കന്‍ഡ് വീതമെങ്കിലും ഓരോ സ്റ്റേഷനിലും ട്രെയിന്‍ നിര്‍ത്തിയിടും. സര്‍വീസ് ആരംഭിക്കുന്ന സ്റ്റേഷനുകളായ ആലുവ, തൈക്കൂടം എന്നിവിടങ്ങളില്‍ പ്രധാന വാതിലുകള്‍ തുറന്നിടുമെന്നും മെട്രോ അധികൃതര്‍ അറിയിച്ചു.
ആലുവ, മുറ്റം സ്റ്റേഷനുകളില്‍ ഓരോ അധിക ട്രെയിനുകള്‍ നിര്‍ത്തിയിടുമെന്ന് കെഎംആര്‍എല്‍ കൂട്ടിച്ചേര്‍ത്തു. തിരക്ക് കൂടുന്ന സമയങ്ങളില്‍ ഇവ ഉപയോഗിച്ച് സര്‍വീസ് നടത്തുമെന്നും കെഎംആര്‍എല്‍ എംഡി അറിയിച്ചു. ലോക്ക് ഡൗണ്‍ കാലയളവില്‍ ട്രെയിനുകളും സിഗ്‌നല്‍ സര്‍വീസുകളും പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker