കൊച്ചി : കോവിഡ് പരിശോധനയ്ക്കുള്ള ആര്‍ടിക്യുപിസിആര്‍ ടെസ്റ്റ് കിറ്റുകളുടെ നിര്‍മാണമാരംഭിച്ച് കൊച്ചിയിലെ ടിസിഎം; ഒരാഴ്ചയ്ക്കകം പ്രതിദിനം 50,000 ടെസ്റ്റുകള്‍ക്കുള്ള ഉല്‍പ്പാദനം നടത്താനായി
കേരളം ആസ്ഥാനമായി കോവിഡ് 19 ആര്‍ടിക്യുപിസിആര്‍ ടെസ്റ്റ് കിറ്റുകള്‍ നിര്‍മിക്കുന്ന ഏകസ്ഥാപനമായ ടിസിഎം സംസ്ഥാനത്തെ പരിശോധനകള്‍ക്കാവശ്യമായ ഏതാണ്ട് മുഴുവന്‍ ആര്‍ടിക്യുപിസിആര്‍ കിറ്റുകളും നിര്‍മിക്കാന്‍ സജ്ജമായിട്ടുണ്ട്
രണ്ടു മാസത്തിനുള്ളില്‍ മൊത്തം 30 ലക്ഷം പരിശോധനകള്‍ നടത്താനുള്ള കിറ്റുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യം
കോവിഡിറ്റെക്റ്റ് എന്ന ബ്രാന്‍ഡില്‍ വിപണിയിലെത്തുന്ന ടിസിഎംന്റെ ആര്‍ടിക്യുപിസിആര്‍ ടെസ്റ്റ് കിറ്റുകള്‍ നിര്‍മിക്കുന്നത് ഐഐടി ഡെല്‍ഹി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാല്‍
നൊബേല്‍ സമ്മാന ജേതാവായ സി വി രാമന് 1943ല്‍ തുടക്കമിടുകയും അടുത്ത കാലം വരെ കെമിക്കല്‍സ് നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുകയുമായിരുന്ന കൊച്ചി ആസ്ഥാനമായ ടിസിഎം അടുത്തിടെയാണ് കോവിഡ് പരിശോധനയ്ക്കാവശ്യമായ ആര്‍ടിക്യുപിസിആര്‍ കിറ്റുകളുടെ ഉല്പ്പാദനമാരംഭിച്ചത്
. ഡെല്‍ഹി ഐഐടി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ഉല്‍പ്പാദിപ്പിക്കുന്ന ഈ കിറ്റുകള്‍ കോവിഡിറ്റെക്റ്റ് ബ്രാന്‍ഡില്‍ വിപണിയിലെത്തി. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആദ്യത്തെ കോവിഡ് 19 റിയല്‍ ടൈം പിസിആര്‍ അധിഷ്ഠിത കിറ്റാണിതെന്നും സംസ്ഥാനത്തിന്റെ കോവിഡ് പോരാട്ടത്തെ ബഹുദൂരം മുന്നോട്ടുകൊണ്ടുപോകാന്‍ കോവിഡിറ്റെക്റ്റിനു കഴിയുമെന്നും ടിസിഎം ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജോസഫ് വര്‍ഗീസ് പറഞ്ഞു. കളമശ്ശേരി കിന്‍ഫ്ര ബയോടെക്നോളജി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സോണിലെ യൂണിറ്റ് പ്രതിദിനം 10,000 ടെസ്റ്റുകള്‍ക്കുള്ള കിറ്റുകള്‍ നിര്‍മിച്ചു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ഒരാഴ്ചക്കകം ഇത് ദിവസം തോറും 50,000 ടെസ്റ്റുകള്‍ നടത്തുന്നതിനാവശ്യമായ 500 കിറ്റുകള്‍ എന്ന നിലയിലേയ്ക്ക് ഉയരും.
കോവിഡ് പരിശോധനയ്ക്കായി കേരളം ഇപ്പോള്‍ പൂര്‍ണമായും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കിറ്റുകളെയാണ് ആശ്രയിക്കുന്നത്. കേടുകൂടാതെ ഡ്രൈ ഐസില്‍ പാക്കു ചെയ്ത് അവ ഇവിടെ എത്താന്‍ ചുരുങ്ങിയത് 4872 മണിക്കൂറെടുക്കും. ഇത് പലപ്പോഴും ഗുണനിലവാരത്തെ ബാധിക്കുന്നുണ്ട്. അതേസമയം നമ്മള് ഉല്‍പ്പാദിപ്പിക്കുന്ന കോവിഡിറ്റെക്റ്റ് സംസ്ഥാനത്തെവിടെയും 45 മണിക്കൂറില്‍ എത്തിക്കാം. കോവിഡ് ആര്‍ടി പിസിആര്‍ കിറ്റുകള്‍ മൈനസ് 20 ഡിഗ്രിയില്‍ താഴെ സൂക്ഷിക്കേണ്ടതുണ്ട്. ഇതിലെ മാറ്റങ്ങള്‍ ഗുണനിലവാരത്തെ ബാധിക്കും. നമ്മുടെ ഉല്‍പ്പന്നം വന്നു തുടങ്ങിയതോടെ കേരളത്തിലെ ലാബുകള്‍ക്ക് വന്‍തോതില്‍ കിറ്റുകള്‍ വാങ്ങി സൂക്ഷിക്കേണ്ട ബാധ്യതയും ഉണ്ടാകില്ല. വിലയിലും മെച്ചമുണ്ടാകും, ജോസഫ് വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ കേരളത്തില്‍ പ്രതിദിനം ശരാശരി 4050,000 ടെസ്റ്റുകളാണ് നടക്കുന്നത്. ദേശീയ ശരാശരി 10 ലക്ഷമാണ്. വിലയില്‍ കുറവു വരുന്നതോടെ ടെസ്റ്റുകളുടെ എണ്ണം കൂട്ടാനും രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്താനുമാവും. സര്‍ക്കാര്‍ ആശുപത്രികളിലേയും ലാബുകളിലേയും ടെസ്റ്റുകള്‍ പരമാവധി കൂട്ടുകയാവണം ലക്ഷ്യം. സര്‍ക്കാരിന് ഉല്പ്പാദനച്ചെലവിനോടടുത്ത വിലയില്‍ സര്‍ക്കാരിന് ഉല്‍പ്പന്നം നല്‍കാനും ഞങ്ങള്‍ തയ്യാറാണ്, അദ്ദേഹം പറഞ്ഞു.
ഐഐടി ഡല്‍ഹി വികസിപ്പിച്ചെടുത്ത ഈ ആര്‍ടിപിസിആര്‍ രീതി ഈ രംഗത്തെ ഏറ്റവും ഉറപ്പു പറയാവുന്നതാണെന്ന് ടിസിഎംഎന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ടിസിഎം ഹെല്‍ത്ത്കെയര്‍ ചീഫ് സയന്റിഫിക് ഓഫീസര്‍ മഞ്ജു ഏബ്രഹാം പറഞ്ഞു. സ്പൈക് ഗ്ലൈകോപ്രോട്ടീന്റെ ആര്‍എന്‍എ കോഡിംഗ് കണ്ടുപിടിയ്ക്കുന്നതിലൂടെയാണ് ഇത് വൈറസിന്റെ സാന്നിധ്യം തിരിച്ചറിയുന്നത്. എല്ലാ വൈറസുകളേയും പോലെ നോവല്‍ കൊറോണയും മ്യൂട്ടേഷനുകള്‍ക്കും മാറ്റങ്ങള്‍ക്കും വിധേയമാകുന്നുണ്ട്. അതിനാല്‍ ഇവ ചിലപ്പോള്‍ കണ്ടുപിടിയ്ക്കപ്പെടാതെ പോകാം. വൈറസിന്റെ പരമാവധി ഏറ്റവും കുറവ് മ്യൂടേഷന്‍ ബാധിക്കുന്ന ഭാഗം തെരഞ്ഞെടുത്താണ് ഡെല്‍ഹി ഐഐടി ഇത് വികസിപ്പിച്ചെടുത്തത്. അങ്ങനെ തെറ്റായ നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തിയിരിക്കുന്നു. വൈറല്‍ ജീനിനൊപ്പം ഒരു മനുഷ്യജീനും ഈ രീതിയില്‍ പരിശോധിക്കുന്നുണ്ട്. സാമ്പിള്‍ എടുക്കല്‍, കൈകാര്യം ചെയ്യല്‍, ആര്‍എന്‍എ വേര്‍തിരിക്കല്‍ എന്നിവയിലെ പോരായ്മകളും അങ്ങനെ പരിഹരിക്കാം. ഉപയോഗിക്കാന്‍ എളുപ്പമായ ഒരു ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് (ജിയുഐ) സോഫ്റ്റ് വെയറും ലാബുകള്‍ക്ക് നല്‍കും. ഫല വിശകലനം, വ്യാഖ്യാനം, വേര്‍തിരിക്കല്‍ എന്നീ മണിക്കൂറുകള്‍ ആവശ്യമായ ജോലികള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ഇത് സഹായിക്കും. റിയല്‍ടൈം പിസിആര്‍ ടെസ്റ്റുകള്‍ നടത്തുന്നത് വലിയ പരിചയ സമ്പത്ത് ആവശ്യമായ ജോലിയാണ്. എന്നാല്‍ ഈ ജിയുഐയുടെ സഹായം ഇതിനെ എളുപ്പമാക്കുന്നു.
ഇറക്കുമതി ചെയ്ത ഫഌറസന്റ് പ്രോബുകള്‍ ആവശ്യമില്ലാത്തതിനാലാണ് ഡെല്‍ഹി ഐഐടി വികസിപ്പിച്ചെടുത്ത ഈ കിറ്റിന് ഉല്‍പ്പാദനച്ചെലവ് കുറഞ്ഞിരിക്കുന്നതെന്ന് ടിസിഎം കണ്ട്രി ഹെഡ് സെയില്‍സ് ബെന്നി ജോസഫ് പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഡിമാന്‍ഡിനനുസരിച്ച് ഉല്പ്പന്നമെത്തിച്ചു കഴിഞ്ഞാല്‍ മറ്റിടങ്ങളിലേയ്ക്കും കയറ്റുമതിയിലേയ്ക്കും പ്രവേശിക്കാനും ഉദ്ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
.