കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരളത്തില്‍ കലാപത്തിന് ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഐഎം ബ്രാഞ്ച് തലങ്ങളില്‍ നടത്തുന്ന കരിദിനാചരണത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസൂത്രിതമായ കൊലപാതകമാണ് വെഞ്ഞാറമൂട്ടിലേത്. സംഭവം നടന്നപ്പോള്‍ കെപിസിസി പ്രസിഡന്റ് പറഞ്ഞത് കോണ്‍ഗ്രസിന് പങ്കില്ലെന്നാണ്. മരിച്ച കിടക്കുന്ന രക്തസാക്ഷികളെ ഗുണ്ടകളായി ചിത്രീകരിച്ച് രക്തസാക്ഷികളെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. ഒരു കേസില്‍ പോലും ഇന്നേവരെ പ്രതിയാകാത്തവരെയും ഗുണ്ടയെന്ന് ചിത്രികരിക്കുന്നു. കൊലപാതകത്തെ ന്യായീകരിക്കുകയാണ് കെപിസിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും. കേരളത്തില്‍ അക്രമം അഴിച്ചുവിടാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ അക്രമം.
കഴിഞ്ഞ കുറച്ച് ദിവസം മുന്‍പ് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രതിപക്ഷത്തുള്ള അംഗങ്ങളുടെ പിന്തുണ പോലും അവര്‍ക്ക് സംരക്ഷിക്കാനായില്ല. നിരാശരായ യുഡിഎഫ് കേരളത്തില്‍ കലാപത്തിന് ശ്രമിക്കുകയാണ്. സെക്രട്ടേറിയറ്റില്‍ അക്രമം സംഘടിപ്പിക്കാനും കലാപം സൃഷ്ടിക്കാനും ശ്രമിച്ചു. ഏറ്റെടുക്കുന്ന പ്രശ്നങ്ങള്‍ക്ക് ജനപിന്തുണ കിട്ടാതെ പോകുന്നതിനാലാണ് കോണ്‍ഗ്രസ് നേതാക്കള്‍ അക്രമത്തിന് ശ്രമിക്കുന്നത്.
കോണ്‍ഗ്രസ് നടത്തിയ കൊലപാതകങ്ങളില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ കൊലപാതകം നടത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പെരിയയയിലെ കൊലപാതകത്തിന് കോണ്‍ഗ്രസ് പകരം വീട്ടിയതാണ് വെഞ്ഞാറമൂട്ടിലെ കൊലപാതകം. കൊലപാതകത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ പങ്ക് മായിക്കാന്‍ കഴിയില്ല. സംഭവത്തില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.