തിരുവനന്തപുരം: കേരളത്തിലെ ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവായി രമേശ് ചെന്നിത്തല മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. യുഡിഎഫും ബിജെപിയും ആയിരം നുണകള്‍ ഒരെസമയം പ്രചരിപ്പിക്കുകയാണ്. അങ്ങനെ ആളുകളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഒരു വിഭാഗം ആളുകളെയെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. കേരളത്തിലെ ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവായി രമേശ് ചെന്നിത്തല മാറി. ആര്‍എസ്എസ് സ്വീകരിക്കുന്ന സമീപനത്തിന്റെ ഉദ്ദേശം എന്താണെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ വിലയിരുത്തണമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ സര്‍ക്കാരിനെതിരെ കിട്ടാവുന്ന എല്ലാ അവസരവും ഉപയോഗിച്ച് ആക്രമണ തന്ത്രമാണ് കോണ്‍ഗ്രസും ബിജെപിയും അഴിച്ചുവിടുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും ബിജെപിയും ശത്രുതയോടെയാണ് പെരുമാറുന്നത്. കേരളത്തില്‍ ഇവര്‍ ഒരെമനസോടെ പ്രവര്‍ത്തിക്കുകയാണ്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് രാവിലെ നടത്തുന്ന പ്രസ്ഥാവന ഉച്ചയ്ക്കുശേഷം പ്രതിപക്ഷ നേതാവ് ഏറ്റുപറയുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു