BREAKING NEWSKERALALATESTNEWS

‘സ്വര്‍ണക്കടത്ത് കേസിനെ മറ്റൊരു ചാരക്കേസാക്കാന്‍ അനുവദിക്കില്ല’; പാര്‍ട്ടി മുഖ്യപത്രത്തിലൂടെ വിമര്‍ശനവുമായി കോടിയേരി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിനെ മറ്റൊരു ചാരക്കേസാക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ താല്‍പര്യങ്ങള്‍ കുറ്റവാളികളെ സംരക്ഷിക്കുന്നതാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍, സര്‍ക്കാരിനെതിരെ അഭിനവ ചാരക്കേസ് സൃഷ്ടിച്ച് അരാജകസമരം നടത്താനാണ് കോണ്‍ഗ്രസും ബിജെപിയും ഇറങ്ങിയിരിക്കുന്നതെന്നും കോടിയേരി വിമര്‍ശിച്ചു. പാര്‍ട്ടി മുഖ്യപത്രമായ ‘ദേശാഭിമാനി’യിലെ എഡിറ്റോറിയലിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

കോവിഡ് നിബന്ധനകളെ പോലും വെല്ലുവിളിച്ചാണ് പ്രതിപക്ഷത്തിന്റെ സമരം. കര്‍ണാടകയിലും മധ്യപ്രദേശിലും സര്‍ക്കാരുകളെ അട്ടിമറിച്ചതുപോലെ കേരളത്തില്‍ നടക്കില്ല. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള അരാജകസമരങ്ങളാണ് പലയിടത്തും നടക്കുന്നത്. പണ്ട് ചാരക്കേസ് സൃഷ്ടിച്ച് ഒരു മുഖ്യമന്ത്രിയെ രാജിവയ്പ്പിച്ച അനുഭവമുണ്ട്. കോണ്‍ഗ്രസിലെയും യുഡിഎഫിലെയും കൊട്ടാരവിപ്ലവകാലത്താണ് അത്. ചാരക്കേസ് ഉയര്‍ത്തികൊണ്ടുവന്ന് കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്പ്പിച്ച പോലൊരു അവസ്ഥ ഇന്നുണ്ടാകുമെന്ന് കോണ്‍ഗ്രസ് കരുതേണ്ടെന്നും കോടിയേരി കുറിച്ചു.

”കോവിഡ് പ്രതിരോധത്തില്‍ ലോകമാതൃകയായി കേരളത്തെ നയിക്കുന്ന പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കളങ്കമില്ലാത്ത സര്‍ക്കാരിനെതിരെ കള്ളക്കഥകള്‍ ചമച്ച്, അരാജകസമരം നടത്തി സര്‍ക്കാരിനെ തകര്‍ക്കാമെന്ന് കരുതേണ്ട. പിണറായി സര്‍ക്കാരിനൊപ്പം പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി നില്‍ക്കും. ഇനിയുമൊരു ചാരക്കേസ് ചമയ്ക്കാന്‍ കേരളം അനുവദിക്കില്ല” കോടിയേരി പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ ഏതോ ചുഴിയില്‍പ്പെട്ടുപോയി എന്ന ധാരണ സൃഷ്ടിക്കാന്‍ പ്രതിപക്ഷവും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും തീവ്രയജ്ഞത്തിലാണ്. ഈ വിഷയത്തെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ ഉപയോഗിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്-ലീഗ്-ബിജെപി എന്നിവരടങ്ങുന്ന പ്രതിപക്ഷം. എന്നാല്‍, ആ സ്വപ്നം കല്ലിലടിച്ച പൂക്കുലപോലെ തകരുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇപ്പോള്‍ ആക്ഷേപവിധേയനായ ശിവശങ്കര്‍ യുഡിഎഫ് ഭരണകാലത്ത് മര്‍മപ്രധാനമായ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ്. ഭരണശേഷിയുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്ന പരിഗണനയിലാണ് ശിവശങ്കറെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചത്. എന്നാല്‍, ആ വിശ്വാസത്തിനു കോട്ടം തട്ടുന്ന രീതിയില്‍ പെരുമാറ്റമുണ്ടായി. അതുകൊണ്ടാണ് ആരോപണമുയര്‍ന്നപ്പോള്‍ തന്നെ ശിവശങ്കറെ തല്‍സ്ഥാനത്തു നീക്കിയതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Tags

Related Articles

Back to top button
Close