BREAKING NEWSKERALALATESTPOLITICS

ജോസ് കെ മാണിയെ സ്വാഗതം ചെയ്ത് സിപിഎം

തിരുവനന്തപുരം : ഇടതുപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് സിപിഎം. യുഡിഎഫിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന ഈ തീരുമാനം കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ ധ്രുവീകരണത്തെ ശക്തിപ്പെടുത്തുന്നതിനു സഹായകരമായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

യുഡിഎഫ് രൂപികരണത്തിന് നേതൃത്വം നല്‍കിയ പാര്‍ടിയാണ് 38 വര്‍ഷത്തിനു ശേഷം ആ മുന്നണിയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫില്‍ നിന്നും പുറത്തു വന്ന എല്‍ജെഡി, എല്‍ഡിഎഫിന്റെ ഭാഗമായി. കോണ്‍ഗ്രസും ലീഗും മാത്രമുള്ള സംവിധാനമായി ഫലത്തില്‍ ആ മുന്നണി മാറി.

ഉപാധികളൊന്നുമില്ലാതെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് ഇടതു മുന്നണിയുമായി സഹകരിക്കുകയെന്ന ജോസ് കെ മാണിയുടെ പ്രഖ്യാപനം അഭിനന്ദനാര്‍ഹമാണ്. മതനിരപേക്ഷത, കര്‍ഷക പ്രശനങ്ങള്‍, വികസനം എന്നീ കാര്യങ്ങളില്‍ എല്‍ഡിഎഫിന്റേയും സര്‍ക്കാരിന്റേയും നയങ്ങളെ പിന്തുണച്ചുവെന്നതും ശ്രദ്ധേയം. നാടിന്റെ പൊതുവികാരം തന്നെയാണ് അതില്‍ പ്രതിഫലിക്കുന്നത്.

എല്‍ഡിഎഫ് സ്വീകരിക്കുന്ന ശരിയായ സമീപനത്തിനുള്ള അംഗീകാരം കൂടിയാണിത്. ജോസ് കെ മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ക്രിയാത്മക നിലപാട് സ്വീകരിക്കുമെന്നും സിപിഎം വ്യക്തമാക്കി.

Related Articles

Back to top button