തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍.ഡി.എഫ്. ഭരണത്തിന് തുടര്‍ച്ചയുണ്ടാകരുത് എന്ന ലക്ഷ്യത്തോടെയുള്ള ദുഷ്പ്രചരണങ്ങളും സമരങ്ങളുമാണ് ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇനിയൊരു എല്‍.ഡി.എഫ്. സര്‍ക്കാര്‍ വന്നാല്‍ തങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്നാണ് പല യു.ഡി.എഫ്. നേതാക്കന്മാരും പ്രതികരിച്ചുകൊണ്ടിരിക്കുന്നതെന്നും കോടിയേരി. പ്രതിപക്ഷ സമരങ്ങളെ പ്രതിരോധിക്കാന്‍ എല്‍.ഡി.എഫ്. വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫ്. വീണ്ടും അധികാരത്തില്‍ വരാതിരിക്കാന്‍ ആരുമായും കൂട്ട് കൂടണം. ബി.ജെ.പി. ശത്രുവല്ലെന്ന് മുസ്ലീം ലീഗ് തന്നെ പ്രതികരിക്കുന്നു. എല്ലാ തീവ്രവാദ സംഘടനകളുമായും യു.ഡി.എഫ്. കൂട്ടുകൂടുന്നു. ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ. ഇവരുമായെല്ലാം കൂട്ട് ഉണ്ടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അവര്‍ തന്നെ ആര്.എസ്.എസുമായും കൂട്ടുകൂടുന്നു. ഇങ്ങനെ വിശാലമായ മഴവില്‍ സഖ്യം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ഇടതുപക്ഷ ഭരണം ഇനി ഉണ്ടാകാന്‍ പാടില്ല എന്ന ഉദ്ദേശത്തോടെ നടക്കുന്ന രാഷ്ട്രീയ സമരങ്ങളാണ്. അതുകൊണ്ട് തന്നെ ഈ സമരങ്ങളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഓരോ മേഖലയിലും വിജയിച്ചുകൊണ്ടിരുന്നപ്പോള്‍ ദുരന്തങ്ങള്‍ ഓരോന്ന് ഓരോന്നായി വന്നപ്പോള്‍ ഒരു സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പിണറായി വിജയന് സര്‍ക്കാര്‍ മാതൃക കാണിച്ചുവെന്നും കോടിയേരി വ്യക്തമാക്കി. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷ ആരോപണങ്ങളെ കോടിയേരി നേരിട്ടത്.