BREAKING NEWSKERALA

മന്ത്രിയാകാനില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍; സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തും

തിരുവനന്തപുരം: സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തുമെന്ന സൂചന നല്‍കി കോടിയേരി ബാലകൃഷ്ണന്‍. തന്റേത് താല്‍ക്കാലിക അവധി മാത്രമാണ്. ചികിത്സ തീരുന്ന മുറയ്ക്ക് മടങ്ങിവരവ് പാര്‍ട്ടി തീരുമാനിക്കും. മത്സരിക്കാത്ത താന്‍ മന്ത്രിയാവില്ല. മത്സരിക്കാത്തവരെ ഇടതുമുന്നണി മന്ത്രിയാക്കാറില്ല. ജയിക്കുന്നവരില്‍ മന്ത്രിസ്ഥാനത്തെത്താന്‍ യോഗ്യതയുള്ള നിരവധി പേരുണ്ടെന്നും കോടിയേരി പറഞ്ഞു
തുടര്‍ഭരണം എന്നാല്‍ ഇപ്പോഴുള്ള മന്ത്രിമാരും എംഎല്‍എമാരും തുടരുക എന്നല്ല. നിലവിലുള്ളവര്‍ അതുപോലെ തുടരാന്‍ കേരളത്തില്‍ ചൈനയിലെ പോലെ കമ്യൂണിസ്റ്റ് ഭരണമല്ല. ഇവിടെയുള്ളത് ജനാധിപത്യഭരണമാണ്. തോമസ് ഐസക്കിനേയും ജി സുധാകരനേയും മല്‍സരിപ്പിക്കേണ്ടതില്ലെന്ന് പാര്‍ട്ടി എടുത്ത തീരുമാനമാണ്.
പാര്‍ട്ടി ഒരു തീരുമാനം എടുത്താല്‍ അത് എല്ലാവര്‍ക്കും ബാധകമാണ്. 30 വര്‍ഷം മന്ത്രിമാരും എംഎല്‍എമാരും മാറാതിരുന്നതാണ് ബംഗാളിലെ തിരിച്ചടിക്കുണ്ടായ കാരണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഭാര്യ വിനോദിനിക്ക് കസ്റ്റംസിന്റെ ഒരു നോട്ടീസും ലഭിച്ചിട്ടില്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അല്ലാതെ ഒരു വിവരവും ഇല്ല. സ്വപ്‌നയേയും സന്തോഷ് ഈപ്പനേയും ഒരിക്കല്‍ പോലും കണ്ടിട്ടില്ല. കാണാത്തവരുടെ കയ്യില്‍ നിന്ന് എങ്ങനെയാണ് ഫോണ്‍ വാങ്ങുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.
ശക്തനായ ആള്‍ എന്ന പേരില്‍ നേമത്ത് മുരളീധരനെ കൊണ്ടുവന്നത് മതനിരപേക്ഷ വോട്ട് ഭിന്നിപ്പിക്കാനെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ തവണ ദുര്‍ബലനെ നിര്‍ത്തി ബിജെപിയെ സഹായിച്ച കോണ്‍ഗ്രസ് ഇത്തവണ ശക്തനെ നിര്‍ത്തി സഹായിക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ വോട്ട് കോണ്‍ഗ്രസ് പിടിച്ചാല്‍ നേമത്ത് ഇടതുമുന്നണി ജയിക്കും.
75 വയസ്സുകഴിഞ്ഞതിനാല്‍ കേന്ദ്രമന്ത്രിയാക്കാന്‍ കഴിയില്ല എന്നു പറഞ്ഞ ബിജെപി എങ്ങനെയാണ് ഇ ശ്രീധരനെ മുഖ്യമന്ത്രിയാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.കേരളത്തില്‍ ഇപ്പോള്‍ ബിജെപിക്ക് എത്ര മുഖ്യമന്ത്രിമാരാണ് ഉള്ളത്. കഴിഞ്ഞ തവണ ജയിച്ച ഒരു സീറ്റുകൂടി തോല്‍ക്കാന്‍ പോകുന്ന പാര്‍ട്ടി ഈ മുഖ്യമന്ത്രിമാരെ എന്തുചെയ്യും. ഹെലികോപ്റ്ററില്‍ കറങ്ങി സുരേന്ദ്രന്‍ കാശു തീര്‍ക്കുകയേ ഉള്ളൂവെന്നും കോടിയേരി പറഞ്ഞു.
യുഡിഎഫിന്റെ ശക്തി മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസുമാണ്. കോണ്‍ഗ്രസ് ഒറ്റയ്ക്കു നിന്നാല്‍ ഒരു സീറ്റില്‍ പോലും ജയിക്കില്ല. കേരളാ കോണ്‍ഗ്രസിലെ പ്രബലവിഭാഗം ഇടതുമുന്നണിയിലേക്കു വന്നതോടെ യുഡിഎഫ് കൂടുതല്‍ ദുര്‍ബലമായി.
സിപിഎമ്മിന്റെ തെരഞ്ഞെടുപ്പു ചെലവിലെ പണം മുഴുവന്‍ ബക്കറ്റ് പിരിവിലൂടെ കിട്ടിയതാണെന്നും കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങള്‍ നല്‍കിയ പത്തും പതിനഞ്ചും രൂപയാണ് പാര്‍ട്ടിയുടെ കരുത്ത്. സ്വര്‍ണക്കടത്തിലൂടെ പണമെത്തിച്ചു എന്ന് ആരോപിക്കുന്ന ബിജെപിയെ കോര്‍പ്പറേറ്റുകളാണ് സഹായിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker