BREAKING NEWSKERALALATEST

കോണ്‍ഗ്രസ് കൊലപാതകികളെ മഹത്വവത്കരിക്കുന്നു: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: രക്തസാക്ഷികളെ ഗുണ്ടകളെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും കൊലപാതകികളെ മഹത്വവത്കരിക്കുകയും ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്ത് അക്രമം വേണമെങ്കിലും നടത്തിക്കൊള്ളൂ ഞങ്ങള്‍ നിങ്ങളെ നോക്കിക്കൊള്ളാമെന്ന് അക്രമകാരികള്‍ക്ക് പരസ്യ പിന്തുണയാണ് യുഡിഎഫ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രണ്ടുഗുണ്ടാസംഘങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലാണെന്ന് പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. അക്രമം നടത്തിയവരെ തള്ളിപ്പറയാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. കോണ്‍ഗ്രസിന്റെ നിലപാട് അത്യധികം അപലപനീയമാണ്. മഹാത്മാഗാന്ധിയുടെ ഫോട്ടോയുടെ മുന്നില്‍ വെച്ചാണ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നത്. ഇന്നത്തെ കോണ്‍ഗ്രസ് ചെന്നുപെട്ട അപചയത്തിന്റെ തെളിവാണ് വെഞ്ഞാറടമ്മൂട് കൊലപാതകമെന്നും കോടിയേരി പറഞ്ഞു.
കായംകുളത്ത് സിയാദ് എന്ന സിപിഎം പ്രവര്‍ത്തകനെ കോണ്‍ഗ്രസ് വെട്ടിക്കൊന്നു. ഒരു മുനിസിപ്പല്‍ കൗണ്‍സിലര്‍ അടക്കമുളള കോണ്‍ഗ്രസുകാര്‍ പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടു. ഇത്തരത്തില്‍ കൊലപാതക പരമ്പരകളും അക്രമവും കലാപവും സംഘടിപ്പിച്ച് കേരളത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി സമാധാനപൂര്‍വമായ പ്രതിഷേധവുമായി സിപിഎം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അക്രമങ്ങള്‍ മുന്‍കാലത്തേക്കാള്‍ കുറവാണ്. അത് സര്‍ക്കാരിന്റെ ക്രമസമാധാന പരിപാലനത്തിന് ലഭിച്ച അംഗീകാരമാണ്. ആ അംഗീകാരത്തെ ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ആസൂത്രിതമായി ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് വെഞ്ഞാറമ്മൂട് സംഭവമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ 23ന് അഴീക്കോടന്‍ രക്തസാക്ഷി ദിനത്തില്‍ പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രതിഷേധ പരിപാടിയായി ബഹുജനകൂട്ടായ്മ നടത്തണമെന്ന പാര്‍ട്ടിയുടെ ആഹ്വാനവും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button