തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ ആരോപണത്തില്‍ നിലപാട് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബിനീഷീനെതിരായ അന്വേഷണം നടക്കട്ടെയെന്നും അന്വേഷണത്തെ ഒരു തരത്തിലും തടസപ്പെടുത്തുന്ന നിലപാട് എടുക്കില്ലെന്നും കോടിയേരി പറഞ്ഞു. അന്വേഷണം നടത്തി കുറ്റ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമായാല്‍ എന്ത് നടപടിയും സ്വീകരിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.
കേരളത്തിലെ ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കോര്‍പ്പറേറ്റ് ഗൂഢാലോചനയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പൊതുമേഖലയെ സംരക്ഷിച്ച് നിര്‍ത്തുന്ന കേരളത്തിലെ ഇടത് സര്‍ക്കാര്‍ നിലപാട് മൂലം സ്വകാര്യ മേഖലയ്ക്ക് കേരളത്തിലേക്ക് വരാന്‍ സാധിക്കുന്നില്ല. കോണ്‍ഗ്രസിനും ബിജെപിക്കും മൂലധന സഹായം ലഭ്യമാക്കി സമരങ്ങളിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് കേരളം സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുത്തില്ല. വിഴിഞ്ഞം ഹാര്‍ബര്‍ പൊതുമേഖലയില്‍ വേണമെന്നായിരുന്നു വിഎസ് സര്‍ക്കാരിന്റെ നിലപാട്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്നപ്പോള്‍ യാതൊരു എതിര്‍പ്പുമില്ലാതെ അദാനി ആ പദ്ധതി ഏറ്റെടുത്തു. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുക്കില്ലെന്നാണ് ഇടത് സര്‍ക്കാര്‍ നിലപാട്. ഇത് മനസിലാക്കി കുത്തക കമ്പനികള്‍ ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. കേരളത്തിന്റെ കെ ഫോണ്‍ വഴി 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭിക്കും. റിലയന്‍സ് നടപ്പാക്കുന്ന പദ്ധതിക്ക് ഇത് തിരിച്ചടിയാവും. കേരള സര്‍ക്കാരിന്റെ ഇമൊബിലിറ്റി പദ്ധതിയിലൂടെ കേരളം പൊതുമേഖലയെ വളര്‍ത്തുന്നു. ഇത് കോര്‍പ്പറേറ്റുകള്‍ ലക്ഷ്യമിട്ട രംഗമാണ്.
റീട്ടെയ്ല്‍ മേഖല കുത്തക കമ്പനികള്‍ ലക്ഷ്യമിടുമ്പോള്‍ കേരളം പൊതുവിപണിയില്‍ ശക്തമായി ഇടപെടുന്നു. ഇത് കോര്‍പ്പറേറ്റുകള്‍ ഇടപെടാനുള്ള ശ്രമത്തെ പ്രതിരോധിക്കുന്ന സര്‍ക്കാര്‍ നിലപാടാണ്. കോര്‍പ്പറേറ്റുകള്‍ക്ക് കേരളത്തില്‍ കടന്നുകയറാന്‍ സാധിക്കാത്തത് ഇടത് സര്‍ക്കാര്‍ ഉള്ളത് കൊണ്ടാണ്. അതുകൊണ്ട് ഇടത് സര്‍ക്കാരിനെ ഇല്ലാതാക്കുക കോര്‍പ്പറേറ്റ് അജണ്ടയാണ്. അവര്‍ കേരള രാഷ്ട്രീയത്തില്‍ ഇടപെടുന്നു. കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന സമരങ്ങള്‍ക്ക് കോര്‍പ്പറേറ്റ് സഹായം ലഭിക്കുന്നുണ്ട്. വന്‍തോതില്‍ മൂലധന സഹായം നല്‍കുന്നുണ്ട്. ഇതെല്ലാം ആസൂത്രിത സമരങ്ങളാണ്. 1957 ലെ ഇഎംഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഐഎയുടെ പണം വാങ്ങി സമരം നടത്തിയ കോണ്‍ഗ്രസാണ് ഇപ്പോള്‍ കോര്‍പ്പറേറ്റുകളുമായി ചേര്‍ന്ന് ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
കേരളത്തില്‍ കേന്ദ്ര ഏജന്‍സികളെ രംഗത്തിറക്കുന്നു. ലൈഫിലെ സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. സാധാരണ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. എംഎല്‍എയുടെ പരാതിയില്‍ കേസെടുത്തത് അസാധാരണമാണ്. അതിനെ രാഷ്ട്രീയമായി നേരിടും. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതി ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യാന്‍ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാനാണ് ലൈഫ് പദ്ധതിയില്‍ സിബിഐ അന്വേഷണം കൊണ്ടുവന്നിരിക്കുന്നത്. ഇനി ഒരു തവണ കൂടി എല്‍ ഡി എഫ് വന്നാല്‍ യു ഡി എഫുണ്ടാവില്ല എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. ബിജെപിയുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കാനാണ് ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പ് വൈകരുതെന്നാണ് സി പി എം നിലപാട്.
കാര്‍ഷിക മേഖലയിലെ നിയമ നിര്‍മ്മാണം സംസ്ഥാനത്തിന്റെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ്. സുപ്രീം കോടതിയെ സമീപിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നു. ബഹുജന പ്രക്ഷോഭം നടത്തും. ഈ വിഷയത്തില്‍ ലോക്സഭയില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ ബിജെപിയുടെ ബി ടീമായി. രാജ്യസഭയില്‍ ഇടതുപക്ഷത്തിനൊപ്പം നിന്നു. കാര്‍ഷിക മേഖലയിലും തൊഴില്‍ മേഖലയിലും കൊണ്ടുവന്നിരിക്കുന്ന പരിഷ്കാരങ്ങളെല്ലാം കോണ്‍ഗ്രസ് നടപ്പാക്കുമെന്ന് പറഞ്ഞതാണ്. അതുയര്‍ത്തിക്കാട്ടിയാണ് ബിജെപി പ്രതികരിച്ചത്. വോട്ടെടുപ്പ് എന്ന ആവശ്യം ലോക്സഭയില്‍ ഉന്നയിച്ചില്ല. ലോക്സഭയിലും കോണ്‍ഗ്രസ് ഇടതുപക്ഷത്തോടൊപ്പം നിന്നിരുന്നെങ്കില്‍ ശക്തമായ പ്രതിഷേധം നടത്താനാവുമായിരുന്നു. കേരളത്തിലെ 19 യുഡിഎഫ് എംപിമാര്‍ യാതൊരു ആത്മാര്‍ത്ഥതയും കാട്ടിയില്ലെന്നും കോടിയേരി പറഞ്ഞു.
എളമരം കരീമും കെകെ രാകേഷും നടത്തിയത് പോലുള്ള ഇടപെടല്‍ നടത്താന്‍ യുഡിഎഫ് എംപിമാര്‍ തയ്യാറായില്ല. കേന്ദ്രത്തില്‍ എട്ട് ലക്ഷം ഒഴിവുകളുണ്ട്. നികത്താന്‍ കേന്ദ്രം തയ്യാറാവുന്നില്ല. എസ്സിഎസ്ടി വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സംവരണത്തിലൂടെ ലഭിക്കേണ്ട തൊഴിലവസരമാണ് നിഷേധിക്കപ്പെടുന്നത്. കേന്ദ്രത്തിന്റെ ഉദാരവത്കതരണ നയത്തെ കേരള സര്‍ക്കാര്‍ ചെറുത്തുനില്ക്കുന്നു. കോര്‍പ്പറേറ്റ് കടന്നുകയറ്റത്തിന് സാധിക്കുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനം കേരളത്തില്‍ സ്വകാര്യ വത്കരിക്കുന്നില്ല. കേന്ദ്രം എല്ലാം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നു. കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ സ്വകാര്യമേഖല വരാത്തത് സംസ്ഥാന ഇടപെടല്‍ മൂലമാണെന്നും കോടിയേരി പറഞ്ഞു.