BREAKING NEWSKERALA

തിരുവോണ പൂക്കളത്തിന് പകരം കോണ്‍ഗ്രസ്സ് ചോരപ്പൂക്കളമൊരുക്കി: കോടിയേരി

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ കാലത്ത് അതിജീവനത്തിന്റെ കരുതലോടെ മുന്നോട്ടു പോവുമ്പോള്‍, കൊലക്കത്തിയുമായി ജീവനെടുക്കാന്‍ ഇറങ്ങിത്തിരിച്ച കോണ്‍ഗ്രസ് സംസ്‌കാരം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐക്കാരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഫെയ്‌സ്ബുക്കില്‍ പ്രതികരിക്കുകയായിരുന്നു കോടിയേരി.
ഇത് ആസൂത്രിതമായ കൊലപാതകമാണ്. ഇതിനായി ഉന്നതതലത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. നേരത്തെ ഈ പ്രദേശത്ത് വധ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഈ കൊലപാതകമെന്നും കോടിയേരി പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
തിരുവോണ നാളില്‍ കോണ്‍ഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണ്.
തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ തിരുവോണ ദിവസം പുലരുമ്പോഴാണ് രണ്ട് ചെറുപ്പക്കാരെ കോണ്‍ഗ്രസ് ഗുണ്ടാസംഘം പൈശാചികമായി വെട്ടിക്കൊന്നത്. ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വടിവാള്‍ കൊണ്ട് വെട്ടിയരിഞ്ഞ് കൊന്നുതള്ളിയ കോണ്‍ഗ്രസ്, തിരുവോണ പൂക്കളത്തിന് പകരം ചോരപ്പൂക്കളമൊരുക്കിയാണ് ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ആശംസ നേരുന്നത്.
കോണ്‍ഗ്രസിന്റെ വടിവാള്‍ രാഷ്ട്രീയത്തില്‍ ഇല്ലാതായ രണ്ട് ചെറുപ്പക്കാരുടെയും കുടുംബത്തിന്റെ ദുഖം വിവരണാതീതമാണ്. അവരുടെ പ്രതീക്ഷകളെല്ലാം കൊലപാതക രാഷ്ട്രീയം കൊണ്ട് കോണ്‍ഗ്രസ് ഇല്ലാതാക്കി. കോവിഡ് മഹാമാരിയുടെ ഈ അസാധാരണ കാലത്ത് അതിജീവനത്തിന്റെ കരുതലോടെ നമ്മള്‍ മുന്നോട്ടു പോവുമ്പോള്‍, കൊലക്കത്തിയുമായി ജീവനെടുക്കാന്‍ ഇറങ്ങിത്തിരിച്ച കോണ്‍ഗ്രസ് സംസ്‌കാരം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല.
ഇത് ആസൂത്രിതമായ കൊലപാതകമാണ്. ഇതിനായി ഉന്നതതലത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. നേരത്തെ ഈ പ്രദേശത്ത് വധ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഈ കൊലപാതകം. കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തിന് ഈ കൊലപാതകത്തില്‍ പങ്കുണ്ട്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
കോണ്‍ഗ്രസ് നേതൃത്വം വികലമായ പ്രവൃത്തികള്‍ കൊണ്ടും പ്രസ്താവനകള്‍ കൊണ്ടും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ കേരളത്തില്‍ അക്രമവും കൊലപാതകവും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഈ നീക്കത്തിനെതിരെ ശക്തമായ ബഹുജനവികാരം ഉയര്‍ന്നുവരണം.

Related Articles

Back to top button