പത്തനംതിട്ട: പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ മന്ത്രി വീണ ജോര്‍ജ്ജിന്റെ ഭര്‍ത്താവിനെതിരായ ആരോപണങ്ങള്‍ വിഴുങ്ങി മുതിര്‍ന്ന നേതാവും സിപിഎം കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റുമായ കെകെ ശ്രീധരന്‍. വിവാദ റോഡിന്റെ അലൈന്‍മെന്റോ ഡിപിആറോ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്ന് ശ്രീധരന്‍ പറഞ്ഞു. വിവാദങ്ങളില്‍ നിന്ന് തലയൂരാന്‍ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു നേതാവിന്റെ മലക്കം മറിച്ചില്‍.
പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ തുറന്നടിച്ചതെല്ലാം കെകെ ശ്രീധരന്‍ തിരുത്തി. മന്ത്രി വീണ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫിന്റെ പേര് പോലും പ്രസംഗത്തില്‍ പറഞ്ഞില്ല. എന്തിന് വിവാദമായ ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് പദ്ധതിരേഖയോ അലൈന്‍മെന്റോ ഇതുവരെ കണ്ടിട്ടില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ഇപ്പോള്‍ പറയുന്നത്.
മന്ത്രിയുടെ ഭര്‍ത്താവ് ഇടപെട്ട് ഓടയുടെ ഗതിമാറ്റിച്ചെന്ന കെകെ ശ്രീധരന്റെ തുറന്നുപറച്ചില്‍ പാര്‍ട്ടിയെയും മന്ത്രിയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയരുന്നു. പിന്നാലെ കോണ്‍ഗ്രസ് അടക്കം സിപിഎമ്മിനെതിരെ റോഡ് അലൈന്‍മെന്റ് വിവാദം ആയുധമാക്കി. പ്രതിസന്ധി മറികടക്കാനായിരുന്നു കൊടുമണ്ണില്‍ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചത്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ഉദ്ഘാടകനായ യോഗത്തില്‍ നേതൃത്വം പറഞ്ഞതുപോലെ ശ്രീധരന്‍ എല്ലാം മാറ്റിപ്പറഞ്ഞു. വിവാദങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസുകാരനെന്ന് ജില്ലാ സെക്രട്ടറിയും മറ്റു നേതാക്കളും ആരോപിച്ചു.
അതേസമയം, മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫ് റവന്യൂ ഉദ്യോഗസ്ഥരെ മറികടന്ന് റോഡ് അളന്നതും കോണ്‍ഗ്രസ് തടഞ്ഞതിലും ഒരു നേതാവും ഒന്നും വിശദീകരിച്ചില്ല. ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് നിര്‍മ്മാണത്തിലെ തടസ്സങ്ങള്‍ നീക്കി വേഗം പണി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി.
1,077 1 minute read