കോഴിക്കോട്: കൊയിലാണ്ടിയില്‍ നിക്കാഹിനെത്തിയ വരനെയും സംഘത്തെയും ആക്രമിച്ച സംഭവത്തില്‍ രണ്ടു പേര് കൂടി പിടിയില്‍. വധുവിന്റെ അമ്മാവനായ മന്‍സൂര്‍, സുഹൃത്ത് തന്‍സീര്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം ബുധനാഴ്ച പിടികൂടിയത്. ഇതോടെ കേസിലെ പ്രധാന പ്രതികളെല്ലാം പിടിയിലായതായി പോലീസ് പറഞ്ഞു.
കേസിലെ മുഖ്യപ്രതിയും വധുവിന്റെ അമ്മാവനുമായ കബീറിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. കോരപ്പുഴ കണ്ണങ്കടവില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ ഒളിച്ചുതാമസിക്കുന്നതിനിടയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൊയിലാണ്ടി കീഴരിയൂരില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് വധൂഗൃഹത്തില്‍ നിക്കാഹിനെത്തിയ വരനെയും സംഘത്തെയും വധുവിന്റെ അമ്മാവന്മാര് കാര്‍ തടഞ്ഞ് ആക്രമിച്ചത്.
നടേരി മഞ്ഞളാട്ട് കുന്നുമ്മല്‍ കിടഞ്ഞിയില്‍ മീത്തല്‍ മുഹമ്മദ് സാലിഹി (29)ന്റെ നിക്കാഹിനോടനുബന്ധിച്ചായിരുന്നു അക്രമം. കീഴരിയൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായുള്ള മുഹമ്മദ് സാലിഹിന്റെ പ്രണയ വിവാഹം ഇഷ്ടപ്പെടാത്ത കുട്ടിയുടെ അമ്മാവന്മാരും സുഹൃത്തുക്കളുമാണ് വരനെ ആക്രമിച്ചത്. രണ്ടുമാസം മുമ്പ് കീഴരിയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി മുഹമ്മദ് സാലിഹിന്റെ രജിസ്റ്റര്‍ വിവാഹം നടന്നിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ സമ്മതപ്രകാരം മതാചാര പ്രകാരമുള്ള നിക്കാഹ് നടത്തുന്നതിനായിരുന്നു വരനും സംഘവും കീഴരിയൂരിലെത്തിയത്.
വരനും സംഘവും സഞ്ചരിച്ച കാര്‍ കീഴരിയൂരില്‍ എത്തിയപ്പോള്‍ ആറംഗ സംഘം ഇവരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വടിവാള്‍ ഉപയോഗിച്ച് കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്ത ശേഷം മുഹമ്മദ് സാലിഹിനെ ആക്രമിക്കുകയുംചെയ്തു. അക്രമത്തില്‍ മുഹമ്മദ് സാലിഹിനും സുഹൃത്തുക്കള്‍ക്കും പരിക്കേറ്റിരുന്നു.