KERALALATEST

യുഡിഎഫ് സ്ഥാനാര്‍ഥി ഉല്ലാസിന്റെ വീടിനു മുന്നില്‍ ”കൂടോത്രം”; ഇലയില്‍ മുട്ടയും നാരങ്ങയും

കൊല്ലം: തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ വിവാദങ്ങളും പരാതികളും ഉയരുന്നു. മുട്ടയില്‍ കൂടോത്രം എന്ന പരാതിയുമായാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉല്ലാസ് കോവൂരിന്റെ വീടിന് മുന്നില്‍ നിന്ന് കോഴിമുട്ടയും നാരങ്ങകളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു പരാതി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് ഉല്ലാസിന്റെ വീടിന് സമീപത്ത് നിന്ന് യുഎഡിഎഫുകാര്‍ ആരോപിക്കുന്ന ‘കൂടോത്ര വസ്തുക്കള്‍’ കണ്ടെത്തിയത്.
ഉല്ലാസിന്റെ വീടിന് മുന്നിലെ കിണറിന് സമീപത്തെ പ്ലാവിന്റെ ചുവട്ടിലാണ് വാഴയിലയില്‍ വച്ച നിലയില്‍ മുട്ടയും നാരങ്ങകളും കണ്ടെത്തിയത്. മുട്ടയുടെ ഒരു ഭാഗത്തായി ‘ശത്രു’വെന്നും മറുഭാഗത്ത് ‘ഓം’ എന്നും എഴുതിയിട്ടുണ്ട്. ഒരു മുട്ട ചുവന്ന നൂല് കൊണ്ട് ചുറ്റിവരിഞ്ഞ നിലയിലാണ്. ഇതിനെ തുടര്‍ന്നാണ് കൂടോത്രം ചെയ്തതാണെന്ന സംശയം ഉയര്‍ന്നത്. മുട്ടയെച്ചൊല്ലി വിവാദം ഉയര്‍ന്നെങ്കിലും അവഗണിക്കേണ്ട വിഷയമാണിതെന്നാണ് ഉല്ലാസ് കോവൂരിന്റെ പ്രതികരണം. രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റൊരു വിവാദത്തില്‍ ചേര്‍ത്തലയിലെ സിപിഐ സ്ഥാനാര്‍ഥി പി.പ്രസാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷനും (കിഫ) രംഗത്തെത്തിയിട്ടുണ്ട്. പ്രസാദിന്റെ നാമനിര്‍ദേശ പത്രികയില്‍ തിരിമറി നടന്നിട്ടുണ്ടെന്നാണ് കേരളത്തിലെ മലയോര കര്‍ഷക ജനതയ്ക്കുവേണ്ടി രൂപം കൊണ്ട കര്‍ഷകരുടെ കൂട്ടായ്മയായ കിഫ ആരോപിക്കുന്നത്. പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം വ്യാജമായി നിര്‍മ്മിച്ചതോ, അല്ലെങ്കില്‍ വരണാധികാരിയുടെ അറിവോടെ സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രികയില്‍ തിരിമറി നടത്തി പുതിയ സത്യവാങ്മൂലം തിരുകിക്കയറ്റിയതോ ആണെന്നാണ് തെളിവുകള്‍ അടക്കം നിരത്തി ഇവര്‍ ആരോപിക്കുന്നത്.
ഇടതുപക്ഷ വിരുദ്ധത എന്നോ, വലതുപക്ഷ ചായ്‌വ് എന്നോ മുദ്രകുത്താന്‍ വരണ്ടെന്നും, കര്‍ഷക വിരുദ്ധന്‍മാരായ കപട പരിസ്ഥിതി തീവ്രവാദികളോട് കിഫ നടത്തുന്ന യുദ്ധത്തിന്റെ ഭാഗമാണിതെന്നും അറിയിച്ചു കൊണ്ടാണ് പ്രസാദിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി പ്രസാദിനെ അയോഗ്യനാക്കണമെന്നാണ് ആരോപണം ഉന്നയിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പില്‍ ടീം കിഫ ആവശ്യപ്പെടുന്നത്. അഥവാ പി പ്രസാദ് ജയിച്ചാല്‍ അദ്ദേഹത്തെ അയോഗ്യനാക്കണം എന്ന ആവശ്യം ഉന്നയിച്ചു മലയോര കര്‍ഷകര്‍ക്ക് വേണ്ടി കിഫ തന്നെ നിയമപോരാട്ടം നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker