തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശം. കെപിസിസി അധ്യക്ഷനെതിരെയാണ് നേതാക്കള്‍ കടുത്ത വിമര്‍ശം ഉന്നയിച്ചത്. പ്രതിപക്ഷം കൊണ്ടുവന്ന പ്രധാന അഴിമതി ആരോപണങ്ങള്‍പോലും തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. സംഘടനാ സംവിധാനം തീര്‍ത്തും ദുര്‍ബലമായിരുന്നു. ഈ സംഘടനാ സംവിധാനവുമായി മുന്നോട്ടുപോയിട്ട് കാര്യമില്ല എന്നീ വിമര്‍ശങ്ങള്‍ ഉയര്‍ന്നു. താഴെത്തട്ടു മുതല്‍ മുകളില്‍വരെ അഴിച്ചുപണിയണമെന്ന് നേതാക്കള്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു.
ഭാവനാ രഹിതമായ നേതൃത്വമായിരുന്നു ഉണ്ടായിരുന്നത്. അനുകൂല രാഷ്ടീയ സാഹചര്യം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശം ഉയര്‍ന്നു. അതിനിടെ വി.എം സുധീരന് ഗ്രൂപ്പ് മാനേജര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ചു. ഗ്രൂപ്പ് മാനേജര്‍മാരാണ് തോല്‍വിക്ക് കാരണം. സ്ഥാനാര്‍ഥികളുടെ വിജയ സാധ്യതയല്ല, ഗ്രൂപ്പ് സാധ്യതകള്‍ മാത്രമാണ് പരിഗണിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
സംഘടനാ സംവിധാനം അഴിച്ചുപണിയമമെന്ന് കെ.സുധാകരനടക്കം മിക്കവരും ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് പറയുന്നത് ഒരു അഭിപ്രായം, മറ്റുനേതാക്കള്‍ പറയുന്നത് ഭിന്നാഭിപ്രായം. ഏകസ്വരത്തിലുള്ള അഭിപ്രായമല്ല കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ചൂണ്ടിക്കാട്ടി പല നേതാക്കളും വിമര്‍ശിച്ചു. യുഡിഎഫിന് പുറത്തുള്ള കക്ഷികളുമായി ധാരണ ഉണ്ടാക്കേണ്ടിയിരുന്നില്ല. ഇനിമുതല്‍ അഭിപ്രായം പറയുമ്പോള്‍ നേതാക്കള്‍ ഒറ്റക്കെട്ടായി ഒരേ അഭിപ്രായം പറയുന്നതായിരിക്കും പാര്‍ട്ടിക്ക് നല്ലത് എന്ന മുന്നറിയിപ്പും നേതാക്കള്‍ നല്കി.
കെപിസിസി അധ്യക്ഷനെതിരെ പല ഘട്ടത്തിലും വിമര്‍ശം ഉയര്‍ന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ചെലവിനുള്ള പണംപോലും നല്കാന് കെപിസിസി നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് ഷാനിമോള്‍ ഉസ്മാന് വിമര്‍ശിച്ചു. കെപിസിസി അധ്യക്ഷനെ ഫോണില്‍ കിട്ടാറില്ല. കോവിഡ് ബാധിച്ച സഹപ്രവര്‍ത്തകരെ കെപിസിസി അധ്യക്ഷന്‍ വിളിച്ചതുപോലുമില്ലെന്ന് നേതാക്കള്‍ വിമര്‍ശിച്ചു.
അതിനിടെ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും കണക്കുകള്‍ നിരത്തി പാര്‍ട്ടിക്കും മുന്നണിക്കും വലിയ തിരിച്ചടി നേരിടേണ്ടി വന്നില്ലെന്ന് വിശദീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കണക്കുകള്‍ നിരത്തേണ്ട, പ്രായോഗികമായി കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് നേതാക്കള്‍ പറഞ്ഞു. വിശദമായ ചര്‍ച്ച നടന്നുവെങ്കിലും അന്തിമ നിഗമനത്തിലേക്ക് രാഷ്ട്രീയകാര്യ സമിതി എത്തിയില്ല. ഇതോടെ ജനുവരി ആദ്യവാരം രണ്ടു ദിവസം രാഷ്ട്രീയകാര്യ സമിതി യോഗം ചേരാന്‍ തീരുമാനിച്ചു. ജനപ്രതിനിധികളെയും കെപിസിസി ഭാരവാഹികളെയും യോഗത്തില്‍ പങ്കെടുപ്പിക്കും.