മലപ്പുറം: പൊലീസ് അക്രമം നടത്തിയെന്ന കെപിസിസി അംഗത്തിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ മലപ്പുറം കുന്നുമ്മലില്‍ കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓട്ടോ സ്റ്റാന്റിനടുത്ത് വച്ചായിരുന്നു മര്‍ദ്ദനമെന്നാണ് കെപിസിസി അംഗം അഡ്വ കെ ശിവരാമന് ആരോപിക്കുന്നത്.
മാര്‍ച്ച് നിയന്ത്രണ വിധേയമല്ലാതായാല് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് പോലീസ് ചെയ്ത് വരാറുള്ളത്.എന്നാല്‍ മലപ്പുറത്ത് പോലീസ് അതിന് മുതിരാതെ പരമാവധി പ്രവര്‍ത്തകരേയും വളഞ്ഞിട്ടും ഒറ്റയ്ക്കും അക്രമിക്കുകയാണ് ചെയ്തിരുന്നതെന്നും പരിക്ക് പറ്റിയ കയ്യില്‍ പ്ലാസ്റ്ററിട്ട് നിന്നിട്ടും ക്രൂരമായി മര്‍ദ്ദിച്ചെന്നും ശിവരാമന്റെ പരാതി വ്യക്തമാക്കുന്നു. മലപ്പുറം പോലീസ് സ്റ്റേഷനിലെ എല്‍. ഹരിലാല്‍ എന്ന സിവില്‍ പൊലീസ് ഓഫീസര്‍ക്ക് എതിരെയാണ് പരാതി. കഴിഞ്ഞ മാസം 31 ന് പിഎസ്സി ചെയര്‍മാന്റെ വസതിയിലേക്ക് നടന്ന മാര്‍ച്ചില്‍ പൊലീസ് ലാത്തി ചാര്‍ജ്ജിലായിരുന്നു ശിവരാമന് പരിക്കേറ്റത്.
കൈ ഒടിഞ്ഞതാണ് മര്‍ദ്ദിക്കരുത് എന്ന് അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥന് കേട്ടില്ലെന്ന് ശിവരാമന് പരാതിയില്‍ വ്യക്തമാക്കുന്നു. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു പൊലീസ് അക്രമം എന്നും കളക്ടറേറ്റിനു മുന്പിലെ യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ച് അവസാനിച്ച നിലയിലായിരുന്നു മര്‍ദ്ദനമെന്നും ശിവരാമന് പരാതിയില്‍ വിശദമാക്കുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് പരാതിയില്‍ കേസ് എടുത്തത്. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു വിവരവും ഇല്ലെന്ന് മലപ്പുറം പൊലീസിന്റെ നിലപാട്.