BREAKING NEWSKERALA

‘സീറ്റ് കച്ചവടം നടത്തിയ കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കണം’; കെപിസിസി ആസ്ഥാനത്ത് പോസ്റ്ററുകള്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം. ഇന്ന് രാഷ്ട്രീയ കാര്യ സമിതി യോഗം ചേരാനിരിക്കെ കെ പി സി സി ആസ്ഥാനത്തിന് മുന്നില്‍ നേതാക്കളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.
കെ പി സി സി ആസ്ഥാനത്തിന് പുറമെ തിരുവനന്തപുരത്ത് പലയിടത്തും കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് പോസ്റ്ററുണ്ട്. തിരുവനന്തപുരത്ത് സീറ്റ് വിറ്റുവെന്നാണ് പോസ്റ്ററില്‍ ആരോപിക്കുന്നത്. മുന്‍മന്ത്രി വി എസ് ശിവകുമാര്‍, നെയ്യാറ്റിന്‍കര സനല്‍, തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, പാലോട് രവി എന്നിവരുടെ പേര് പറഞ്ഞാണ് പുറത്താക്കാന്‍ ആവശ്യപ്പെട്ടത്.
തിരുവനന്തപുരം ഡിസിസി പിരിച്ചുവിടണമെന്ന ആവശ്യവും പോസ്റ്റര്‍ ഉന്നയിക്കുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലുള്ള പോസ്റ്റര്‍ നഗരത്തിന്റെ വിവിധ മേഖലകളിലാണ് പ്രത്യക്ഷപ്പെട്ടത്. കെപിസിസി ഓഫീസിന്റെ മതിലിലും പോസ്റ്റര്‍ പതിച്ചു. ഡിസിസി ഓഫീസിന് മുന്നിലും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കോര്‍പറേഷനില്‍ അടക്കം തിരുവനന്തപുരം ജില്ലയില്‍ കനത്ത തോല്‍വിയാണ് കോണ്‍ഗ്രസിന് നേരിടേണ്ടിവന്നത്.
നേതാക്കള്‍ക്ക് കഴിവില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോകുന്നതെന്ന് നേരത്തെ കെ സുധാകരന്‍ എംപിയും പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ ബിജെപിയുടെ വളര്‍ച്ച കോണ്‍ഗ്രസിന്റെ വലിയ വീഴ്ചയാണ്. ആജ്ഞ ശക്തിയുള്ള നേതൃത്വത്തിന്റെ അഭാവം കെപിസിസിക്കുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു.
കെപിസിസി തലത്തിലും ജില്ലാതലത്തിലും അടിമുടി മാറ്റം വേണം. അഴിച്ചുപണിക്ക് ഹൈക്കമാന്റ് തന്നെ നേരിട്ട് ഇടപെടണം. ഡല്‍ഹിയില്‍ പോയി രാഹുല്‍ ഗാന്ധിയെ ഈ വിഷയങ്ങള്‍ ധരിപ്പിക്കും. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ജില്ലയില്‍ കോണ്‍ഗ്രസ് പിന്നിലായതില്‍ ആത്മപരിശോധന വേണം സുധാകരന്‍ ആവശ്യപ്പെട്ടു.സ്വന്തം ജില്ലയില്‍ റിസള്‍ട്ട് ഉണ്ടാക്കാത്ത നേതാവിന് കേരള രാഷ്ട്രീയത്തില്‍ പ്രസക്തിയില്ല എന്നെനിക്കറിയാമെന്നും സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടിയിലും മുന്നണിയിലും അനൈക്യം തിരിച്ചടിയായി. കല്ലാമലയില്‍ അപമാനിക്കപ്പെട്ടുവെന്ന തോന്നല്‍ ആര്‍എംപിക്കുണ്ടായത് തിരിച്ചടിയായി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം ഗുണം ചെയ്തു. അവരോട് നന്ദിയുണ്ട്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ മുല്ലപ്പള്ളി പറയുന്ന അഭിപ്രായങ്ങള്‍ കോണ്‍ഗ്രസിന്റെതല്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരന്‍ എംപിയും തുറന്നടിച്ചിരുന്നു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ വിശദീകരണം പരസ്യമായി നിരാകരിച്ചാണ് മുരളീധരന്‍ രംഗത്തെത്തിയത്.
തോറ്റാല്‍ തോറ്റെന്നു പറയണം, അതാണ് അന്തസ്. തോറ്റ ശേഷം ജയിച്ചുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. കോണ്‍ഗ്രസില്‍ തൊലിപ്പുറത്തുള്ള ചികിത്സ അല്ല വേണ്ടതെന്നും കോണ്‍ഗ്രസിലെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Back to top button