തിരുവനന്തപുരം: കുത്തിവെപ്പെടുത്തതിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ നെയ്യാറ്റിന്‍കരയിലെ പ്രതിഷേധം അവസാനിപ്പിച്ചു. കുടുംബം ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. സാമ്പത്തിക സഹായം, ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാം തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാമെന്ന് എഡിഎം അറിയിച്ചു.
ആവശ്യമായ നടപടികള്‍ കൈക്കൊള്ളാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. യുവതിയെ ചികിത്സിച്ച ഡോക്ടറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യണം, കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണം, കുട്ടിയുടെ പഠന ചിലവ് ഉള്‍പ്പടെ ഉറപ്പ് വരുത്തണം എന്നിവയാണ് കുടുംബത്തിന്റെ ആവശ്യം. ഈ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രം പോര രേഖാമൂലം എഴുതിനല്‍കണം എന്നാല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്നാണ് ബന്ധുക്കളുടെ നിലപാട്. സംഭവസ്ഥലത്ത് എത്തിയ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി പ്രേം ജിയുമായി ചര്‍ച്ച പുരോഗമിക്കുന്നു.
കിഡ്‌നി സ്റ്റോണ്‍ ചികിത്സയ്ക്കായാണ് മലയിന്‍കീഴ് സ്വദേശിനിയായ കൃഷ്ണ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിയത്. ഇഞ്ചക്ഷന്‍ നല്‍കിയതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിന്റെ ആരോപണം. ആറു ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കൃഷ്ണയുടെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.
ഈ മാസം 15നാണ് കൃഷ്ണ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്. യുവതിക്ക് അലര്‍ജി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ട്. ഇന്‍ജക്ഷന്‍ എടുക്കും മുന്‍പ് അതിനുള്ള പരിശോധന നടത്തിയിരുന്നോ എന്ന് വ്യക്തമല്ല. ഭാരതീയ ന്യായ് സംഹിത 125 പ്രകാരമാണ് സര്‍ജന്‍ വിനുവിനെതിരെ കേസെടുത്തത്.
40 1 minute read