BREAKING NEWSKERALALATEST

ചൂട് കത്തുന്നു… വൈദ്യുതി ഉപയോഗം കുതിക്കുന്നു

തിരുവനന്തപുരം: വേനല്‍ കടുക്കുംമുമ്പേ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവുംകൂടുതല്‍ വൈദ്യുതി ഉപയോഗിച്ചത് വെള്ളിയാഴ്ചയാണ് 8.84 കോടി യൂണിറ്റ്. 2019 മേയ് 23ന് 8.83 കോടി യൂണിറ്റ് ഉപയോഗിച്ചതാണ് ഇതിനുമുമ്പത്തെ റെക്കോഡ്.
ചൂടും തിരഞ്ഞെടുപ്പുപ്രചാരണംചൂടേറുന്നതുമാണ് വൈദ്യുതിഉപയോഗം മാര്‍ച്ചില്‍ത്തന്നെ റെക്കോഡിലെത്താന്‍ കാരണം. സാധാരണ മേയ് മാസത്തിലാണ് റെക്കോഡുകള്‍ പിറക്കുന്നത്.
കഴിഞ്ഞവര്‍ഷം 6.7 കോടി യൂണിറ്റായിരുന്നു കേരളത്തിലെ പ്രതിദിന ശരാശരി ഉപയോഗം. ഇത്തവണ മാര്‍ച്ചില്‍ ഇതുവരെയുള്ള ശരാശരി 8.17 കോടി യൂണിറ്റാണ്. ഇങ്ങനെപോയാല്‍ ഈവര്‍ഷത്തെ പ്രതിദിന ശരാശരി 6.85 കോടി യൂണിറ്റാവുമെന്നാണ് വൈദ്യുതിബോര്‍ഡ് കണക്കാക്കുന്നത്.
രാത്രിയിലെ ഉപയോഗം കുതിച്ചുയരുമ്പോള്‍ പകല്‍ കേരളത്തിന് വൈദ്യുതി മിച്ചമാണ്. അതിനാല്‍ വൈദ്യുതി വില്‍ക്കുകയും ചെയ്യുന്നുണ്ട്. കേരളത്തില്‍ ഉത്പാദിപ്പിക്കുന്നതിനുപുറമേ ദീര്‍ഘകാലകരാറുകളിലൂടെ വൈദ്യുതി വാങ്ങുന്നുമുണ്ട്. ഇതാണ് മിച്ചംവരാന്‍ കാരണം.
കരാര്‍പ്രകാരം മുന്‍നിശ്ചയിച്ച വിലയിലാണ് വൈദ്യുതി വാങ്ങുന്നത്. എന്നാല്‍, പവര്‍എക്‌സ്‌ചേഞ്ചില്‍ പലപ്പോഴും നിത്യേനയുള്ള വില്‍പ്പനവില ഇതിനെക്കാള്‍ കൂടുതലായിരിക്കും. വില ഉയര്‍ന്നുനില്‍ക്കുന്നതിനാലാണ് പകല്‍ ഇപ്പോള്‍ കേരളം വൈദ്യുതി വില്‍ക്കുന്നത്. വെള്ളിയാഴ്ച 22.6 ലക്ഷം യൂണിറ്റ് വില്‍ക്കാനായി.
ഈ വേനലില്‍ വൈദ്യുതിലഭ്യതയില്‍ കുറവുവരാതിരിക്കാന്‍ ഡല്‍ഹിയില്‍നിന്ന് 150 മെഗാവാട്ടും പല വിതരണക്കമ്പനികളില്‍നിന്നായി 200 മെഗാവാട്ടും കൂടുതല്‍ വാങ്ങാന്‍ കരാറുണ്ടാക്കി. ഡല്‍ഹിയില്‍നിന്ന് മാര്‍ച്ച്, ഏപ്രിലിലേക്കാണ് വൈദ്യുതി വാങ്ങുന്നത്. ഇതിന് പണംനല്‍കേണ്ടതില്ല. ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ തിരിച്ചുനല്‍കിയാല്‍മതി. യൂണിറ്റിന് 3.04 രൂപയ്ക്കാണ് വിവിധ ഉത്പാദകരില്‍നിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നത്.

Related Articles

Back to top button