കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍നിന്ന് വൈദ്യുതിബോര്‍ഡ് പുറത്തായി. ഇന്‍ഷുറന്‍സ് പോളിസികള്‍ അടിച്ചേല്‍പ്പിക്കാനുള്ള ധനവകുപ്പ് തീരുമാനം ജീവനക്കാര്‍ തള്ളിയതോടെയാണിത്. പകരം ബോര്‍ഡിന്റെ എംപ്ലോയീസ് വെല്‍ഫെയര്‍ ഫണ്ട് മുഖാന്തരം അപകട ഇന്‍ഷുറന്‍സ് നടപ്പാക്കാനാണ് ആലോചന. മുപ്പതിനായിരത്തിലേറെ ജീവനക്കാരാണ് ബോര്ഡിനുകീഴിലുള്ളത്.
സംസ്ഥാന സര്‍ക്കാര്‍ 2007മുതലാണ് ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് സ്കീം (ജി.പി.എ.ഐ.എസ്.) നടപ്പാക്കിയത്. ഇതിലൂടെ പത്തുലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. അപകടമരണങ്ങള്‍ അടിക്കടിയുണ്ടാവുന്ന വൈദ്യുതിബോര്‍ഡിനെ ‘ഹൈ റിസ്ക്’ വിഭാഗത്തിലാണ് ഇന്‍ഷുറന്‍സ് വകുപ്പ് ഉള്‍പ്പെടുത്തിയത്. 850 രൂപയാണ് ജീവനക്കാരില്‍നിന്ന് പ്രതിവര്‍ഷം ഈടാക്കിയിരുന്നത്. സര്‍വീസിലിരിക്കെ മരണമടഞ്ഞാല്‍ മാത്രമേ ഈ ആനുകൂല്യം ലഭിക്കു. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ഇത് 400 രൂപയാണ്.
എന്നാല്‍, 2021 ല്‍ ഇന്‍ഷുറന്‍സ് പദ്ധതി പുതുക്കണമെങ്കില്‍, ഇന്‍ഷുറന്‍സ് വകുപ്പിന്റെ സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ് (എസ്.എല്‍.ഐ.), ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സ്കീം (ജി.ഐ.എസ്.) എന്നീ പദ്ധതികളില്‍ക്കൂടി ജീവനക്കാര്‍ ചേരണമെന്ന് ധനകാര്യവകുപ്പ് കര്‍ശന നിര്‍ദേശം വെച്ചു. തസ്തികയനുസരിച്ച് പ്രതിമാസം 200 രൂപമുതല്‍ 600 രൂപവരെയാണ് എസ്.എല്‍.ഐ.യുടെ പ്രീമിയം. ജി.ഐ.എസിന് ഇത് 350 രൂപമുതല്‍ 600 രൂപവരെയും. വിരമിച്ചശേഷം മൊത്തംതുകയുടെ 70 ശതമാനം തിരിച്ചുലഭിക്കും. ഇതിന് എട്ടുശതമാനം പലിശയുമുണ്ടാകും.
എല്‍.ഐ.സി. പദ്ധതികളില്‍ അംഗങ്ങളായതിനാല്‍ നിലവില്‍ വര്‍ഷത്തില്‍ അടയ്ക്കുന്ന 850 രൂപയ്ക്ക് പുറമേ പണമടച്ച് ഈ പുതിയ സ്കീമുകളില്ക്കൂടി ചേരാന്‍ ജീവനക്കാര്‍ തയ്യാറായില്ല. എസ്.എല്‍.ഐ, ജി.ഐ.എസ്. പദ്ധതികള്‍ക്ക് ആദായനികുതി ഇളവും ലഭിക്കില്ലെന്ന് സൂചന ലഭിച്ചതോടെയാണ് എതിര്‍പ്പ് വന്നത്. ജീവനക്കാരില്‍നിന്ന് പ്രീമിയം തുക വൈദ്യുതിബോര്‍ഡ് പിടിച്ചെങ്കിലും അടയ്ക്കാതെ സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെ പുതിയ അപകട ആശ്വാസ സഹായധനപദ്ധതി നടപ്പാക്കണമെന്ന ആവശ്യം വെല്‍ഫെയര്‍ ഫണ്ടിന്റെ അടുത്ത ഭരണസമിതിയോഗത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ് ബോര്‍ഡ്.
***