BREAKING NEWSKERALA

കോവിഡ് ഇളവുകള്‍ കഴിഞ്ഞു; കുടിശ്ശിക അടച്ചില്ലെങ്കില്‍ വൈദ്യുതി,കുടിവെള്ള കണക്ഷനുകള്‍ വിച്ഛേദിക്കും

തിരുവനന്തപുരം: കുടിശ്ശിക വരുത്തിയ വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ വിച്ഛേദിക്കുന്നത് കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നത് പുനരാരംഭിക്കാന്‍ തീരുമാനം. എട്ടുമാസമായി കണക്ഷനുകള്‍ വിച്ഛേദിച്ചിരുന്നില്ല.
ഡിസംബര്‍ പകുതിവരെമാത്രം കെ.എസ്.ഇ.ബി.ക്ക് എണ്ണൂറോളം കോടി രൂപ പരിഞ്ഞുകിട്ടാനുണ്ട്. ജലഅതോറിറ്റിക്ക് 489.36 കോടി പിരിഞ്ഞുകിട്ടേണ്ട സമയത്ത് 263.64 കോടി മാത്രമാണ് കിട്ടിയത്. സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ ഇത് ആത്യാവശ്യമെന്ന് കാട്ടിയാണ് രണ്ടുസ്ഥാപനങ്ങളും കുടിശ്ശികപ്പിരിവ് ഊര്‍ജിതമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. കോവിഡ് വ്യാപനം തുടരുകയാണെങ്കിലും ജനജീവിതം സാധാരണനിലയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
അടച്ചിട്ടിരിക്കുന്നതിനാല്‍ തീയേറ്ററുകള്‍ക്ക് വൈദ്യുതി കുടിശ്ശിക അടയ്ക്കുന്നതിന് 31 വരെ ഇളവ് അനുവദിക്കും. ഒന്നിച്ച് വലിയ തുകകള്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ തവണകളായ അടയ്ക്കാനുള്ള സൗകര്യം നല്‍കണമെന്നും വൈദ്യുതിബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ഗാര്‍ഹികം, ലോ ടെന്‍ഷന്‍ ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കെല്ലാം കണക്ഷന്‍ വിച്ഛേദിക്കല്‍ ബാധകമാണ്.
തുടക്കത്തില്‍ ആറുമാസത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ള ഉപഭോക്താക്കളുടെ കണക്ഷനുകള്‍ വിച്ഛേദിക്കാനാണ് ജലഅതോറിറ്റി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഗാര്‍ഹികേതര കണക്ഷനുകള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. കോവിഡിന് മുമ്പ് വിച്ഛേദിച്ച കണക്ഷനുകളുടെ കുടിശ്ശിക പിരിക്കുന്നതും നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇതും റവന്യൂ റിക്കവറി നടപടികളും പുനരാരംഭിക്കണമെന്നും നിര്‍ദേശം നല്‍കി.

Related Articles

Back to top button