BREAKING NEWSKERALA

കെഎസ്എഫ്ഇ റെയ്ഡ്: എല്ലാം അറിഞ്ഞ് ഉപദേശകന്‍, ഒന്നുമറിയാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ. ശാഖകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡ് മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവയുടെ അറിവോടെ. വിജിലന്‍സ് ഡയറക്ടര്‍ അവധിയിലായപ്പോഴാണ് പരിശോധന നടക്കുന്നത്. ‘ഓപ്പറേഷന്‍ ബചത്’ എന്നുപേരിട്ട പരിശോധനയുടെ വിവരം വിജിലന്‍സ് നേരത്തേ ശ്രീവാസ്തവയെ അറിയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ല.
സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനിടെയാണ് മുഖ്യമന്ത്രിയും തോമസ് ഐസക്കും ഇക്കാര്യം അറിയുന്നത്. ഇരുവരും കൂടിയാലോചിച്ചശേഷം പരിശോധന നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി ചുമതലയേല്‍ക്കുന്നതിനുമുമ്പ് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സുരക്ഷാ ഉപദേഷ്ടാവായിരുന്നു രമണ്‍ ശ്രീവാസ്തവ. ഇപ്പോഴും ഇതേ പദവിയില്‍ അദ്ദേഹം തുടരുന്നുണ്ടെന്ന് സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ് വിജിലന്‍സ് നടപടിയെന്ന് മന്ത്രി തോമസ് ഐസക് തുറന്നടിച്ചിരുന്നു. റെയ്ഡിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും ആവശ്യപ്പെട്ടിട്ടുണ്ട്. റെയ്ഡിനെപ്പറ്റി പാര്‍ട്ടിയിലെ ചര്‍ച്ചയ്ക്കുശേഷം അഭിപ്രായം പറയാമെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ വ്യക്തമാക്കിയത്.
ഇപ്പോഴത്തെ സംഭവത്തോടുകൂടി മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവിനെച്ചൊല്ലി പാര്‍ട്ടിക്കുള്ളിലും ഭിന്നാഭിപ്രായം രൂക്ഷമായിരിക്കുകയാണ്. പാര്‍ട്ടി അംഗങ്ങളായ രണ്ടുവിദ്യാര്‍ഥികള്‍ക്കെതിരേ യു.എ.പി.എ. ചുമത്തി കേസെടുത്തത് രമണ്‍ശ്രീവാസ്തവയുടെ അറിവോടെയായിരുന്നു. അതില്‍ സി.പി.എമ്മില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്നെങ്കിലും അത് പരസ്യമാകാതിരുന്നത് പോലീസ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചതിനാലാണ്. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി പോലീസ് നിയമഭേദഗതിയുടെ കരട് തയ്യാറാക്കിയത് ശ്രീവാസ്തവയുടെ മേല്‍നോട്ടത്തിലാണ്. അതും സര്‍ക്കാരിനും പാര്‍ട്ടിക്കും പഴികേള്‍പ്പിച്ചു. ഒടുവില്‍ ഇപ്പോള്‍ കെ.എസ്.എഫ്.ഇ. പരിശോധനയും.

Related Articles

Back to top button