BREAKING NEWSKERALALATEST

കെഎസ്എഫ്ഇ ബ്രാഞ്ച് കുത്തിതുറന്ന് കവര്‍ച്ചാശ്രമം: അറസ്റ്റിലായ വ്യക്തിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം

തിരുവനന്തപുരം: കെഎസ്എഫ്ഇ മാവേലിക്കര കണ്ടിയൂര്‍ ശാഖയില്‍ കവര്‍ച്ചക്ക് ശ്രമിച്ചയാള്‍ പിടിയിലായി. ശാഖയുടെ പൂട്ടുതകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിക്കുന്നതിടെയാണ് മോഷ്ടാവ് പൊലീസിന്റെ പിടിയിലായത്. ചെട്ടികുളങ്ങര ഈരേഴവടക്ക് ആതിരഭവനത്തില്‍ ഓമനക്കുട്ടന്‍ (52)ആണ് അറസ്റ്റിലായത്. മകളുടെ കല്യാണ ആവശ്യത്തിന് പണം കണ്ടെത്താനാണ് കവര്‍ച്ചയ്ക്ക് ശ്രമിച്ചതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. തിങ്കളാഴ്ച പുലര്‍ച്ചേ ഒന്നരയോടെയാണ് സംഭവം.
ഷട്ടറിന്റെയും ഗ്രില്ലിന്റെയും ചില്ലുവാതിലിന്റെയും പൂട്ടുതകര്‍ത്താണ് ഒമനക്കുട്ടന്‍ അകത്തുകടന്നത്. ഷട്ടറുയര്‍ത്തുന്ന ശബ്ദംകേട്ട് തൊട്ടടുത്ത് താമസിക്കുന്ന കെട്ടിടയുടമ കെ എല്‍ ദേവലാല്‍ വാര്‍ഡംഗം കെ. ഗോപനെ വിവരമറിയിച്ചു. വാര്‍ഡ് മെമ്പര്‍ അറിയിച്ചതനുസരിച്ച് മൂന്നുജീപ്പുകളിലായി പൊലീസെത്തി. പൊലീസ് അകത്തുകടന്നപ്പോള്‍ ഇയാള്‍ മേശയുടെ അടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു.
കമ്പിപ്പാര, ഉളി, ഇരുമ്പുപൈപ്പ്, ചെറിയടോര്‍ച്ച് എന്നിവ കൈയിലുണ്ടായിരുന്നു. സ്‌കൂട്ടര്‍ സമീപത്തെ വസ്ത്രക്കടയുടെ അടുത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്ത പ്രതിയെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പരിശോധന ഫലം വന്ന ശേഷം കസ്റ്റഡിയില്‍ വാങ്ങി വിശദമായി തെളിവെടുക്കും.
സിപിഎം ഈരേഴവടക്ക് ബ്രാഞ്ച് മുന്‍സെക്രട്ടറിയാണ് ഓമനക്കുട്ടന്‍. എന്നാല്‍, ഇയാള്‍ക്ക് നിലവില്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനന്‍ അറിയിച്ചു.

Tags

Related Articles

Back to top button
Close