തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്എഫ്ഇ (കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്) ഓഫിസുകളില്‍ നടത്തിയ റെയ്ഡില്‍ വിജിലന്‍സ് കണ്ടെത്തിയതു ഗുരുതര ക്രമക്കേടുകള്‍. 20 ഓഫിസുകളില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി. ചിട്ടികളില്‍ ആളെണ്ണം പെരുപ്പിച്ചു കാട്ടി ചില മാനേജര്‍മാര്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
4 കെഎസ്എഫ്ഇ ഓഫിസുകളില്‍ സ്വര്‍ണ പണയത്തിലും തട്ടിപ്പ് കണ്ടെത്തി. ഈടായി വാങ്ങുന്ന സ്വര്‍ണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ശാഖകളിലെ ക്രമക്കേടുകള്‍ നടപടി ശുപാര്‍ശയോടെ സര്‍ക്കാരിനു കൈമാറുമെന്നു വിജിലന്‍സ് അറിയിച്ചു.
പുതിയതായി ചേര്‍ക്കുന്ന ചിട്ടികളില്‍ കൃത്രിമം നടക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ചിട്ടി ലേലത്തിലെ ഒത്തുകളി, ക്രമക്കേട് തുടങ്ങിയ പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് പരിശോധന. ചിട്ടിക്ക് എണ്ണം തികയാതെ വന്നാല്‍ കെഎസ്എഫ്ഇയുടെ പണം തന്നെ ഇറക്കി ആളെ ചേര്‍ക്കുന്നതായി ബോധിപ്പിച്ച് ക്രമക്കേട് നടത്തുന്നതായാണ് സൂചനയുണ്ടായിരുന്നു. അടുത്ത കാലത്തായി നടന്ന ചിട്ടികളില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നും ബെനാമികളെ വച്ച് ചിട്ടി നടത്തുന്നതായും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.
വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ തള്ളി കെഎസ്എഫ്ഇ ചെയര്മാന്. കൊള്ള ചിട്ടി പ്രോല്‍സാഹിപ്പിക്കാറില്ലെന്നും കള്ളപ്പണ നിക്ഷേപത്തിനു സാധ്യതയില്ലെന്നും കെഎസ്എഫ്ഇ ചെയര്മാന് പീലിപ്പോസ് തോമസ് പറഞ്ഞു. സിഎജി, ധനകാര്യ, ലോക്കല്‍ ഫണ്ട്, ആഭ്യന്തര ഓഡിറ്റ് നടക്കുന്ന സ്ഥാപനമാണിെതന്നും ചെയര്മാന് പറഞ്ഞു.
ചില വരിക്കാര്‍ ചിട്ടി മുടക്കാറുണ്ട്. പകരം വരിക്കാരെ ചേര്‍ക്കുന്നത് സ്വാഭാവികമാണ്. ഏതുതരം അന്വേഷണവും സ്വാഗതമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണം സൂക്ഷിക്കുന്നത് ലോക്കറിലോ സേഫിലോ ആണ്. ഇന്‍ഷുറന്‍സുമുണ്ടെന്നും ചെയര്മാന് കൂട്ടിച്ചേര്‍ത്തു.