BREAKING NEWSKERALA

ദീര്‍ഘ അവധിയില്‍ പോയ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ തിരിച്ചെടുക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ദീര്‍ഘ അവധിയില്‍പ്പോയി തിരികെ പ്രവേശിക്കാത്തതിന് പിരിച്ചുവിട്ട കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതി ഉത്തരവിനെതിരേ കെ.എസ്.ആര്‍.ടി.സി. നല്‍കിയ അപ്പീല്‍ ജസ്റ്റിസ് മോഹന്‍ എം. ശാന്തന ഗൗഡര്‍ അധ്യക്ഷനായ ബെഞ്ച് തള്ളി. അതേസമയം, ഇതിലെ നിയമപരമായ ചോദ്യങ്ങള്‍ നിലനില്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ജീവനക്കാര്‍ക്ക് വിദേശത്ത് പോകാനും മറ്റും അഞ്ചു വര്‍ഷത്തെ അവധി കെ.എസ്.ആര്‍.ടി.സി. നല്‍കാറുണ്ട്. ഇങ്ങനെ അവധിയില്‍പ്പോയ 136 ജീവനക്കാരോട് ഉടന്‍തന്നെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കെ.എസ്.ആര്‍.ടി.സി. നോട്ടീസ് നല്‍കി. ഇതുപ്രകാരം തിരികെ പ്രവേശിച്ച ചുരുക്കം ചിലര്‍ ഒഴികെ ബാക്കി എല്ലാവരെയും പിരിച്ചുവിട്ടു.
ജീവനക്കാരുടെ അവധി അനധികൃതമല്ലെന്നും അനുവദിക്കപ്പെട്ടതാണെന്നും വ്യക്തമാക്കിയ ഹൈക്കോടതി അവരെ തിരികെയെടുക്കാന്‍ ഉത്തരവിട്ടു. ഹൈക്കോടതിയുടെ ഡിസംബര്‍ 18ന്റെ ഉത്തരവ് ചോദ്യംചെയ്താണ് കെ.എസ്.ആര്‍.ടി.സി. അപ്പീല്‍ നല്‍കിയത്. ബാങ്ക് വായ്പ (3100 കോടി) ഉള്‍പ്പെടെ 4315 കോടിയുടെ ബാധ്യതയുണ്ടെന്നും കോവിഡ് അടച്ചിടല്‍ സ്ഥിതി രൂക്ഷമാക്കിയെന്നും കെ.എസ്.ആര്‍.ടി.സി. സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു.

Related Articles

Back to top button