തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി.യില്‍ ഐ.എന്‍.ടി.യു.സി., ബി.എം.എസ്. യൂണിയനുകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് തിങ്കളാഴ്ച രാത്രി ആരംഭിച്ചു. ശമ്പളപരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചും പുതിയ കമ്പനിയായ സ്വിഫ്റ്റിന്റെ വ്യവസ്ഥകളെ എതിര്‍ത്തുമാണ് സമരം. മെക്കാനിക് സ്റ്റാഫ് യൂണിയനും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്. ഒരുവിഭാഗം തൊഴിലാളികള്‍ പണിമുടക്കുന്നുണ്ടെങ്കിലും പരമാവധി ബസുകള്‍ ഓടിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. സി.ഐ.ടി.യു., എ.ഐ.ടി.യു.സി. സംഘടനകള്‍ പണിമുടക്കുന്നില്ല.
ഒത്തുതീര്‍പ്പിനായി തിങ്കളാഴ്ച ടി.ഡി.എഫ്., കെ.എസ്.ടി. എംപ്ലോയീസ് സംഘ് നേതാക്കളുമായി സി.എം.ഡി. ബിജു പ്രഭാകര്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ശമ്പള പരിഷ്കരണത്തിലാണ് ചര്‍ച്ച വഴിമുട്ടിയത്. ഏപ്രില്‍ ഒന്നുമുതല്‍ ശമ്പള പരിഷ്കരണം നടപ്പാക്കുന്ന വിധത്തില്‍ ഉത്തരവിറക്കണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം. സര്‍ക്കാരിനോട് ആലോചിക്കാതെ പറയാനാവില്ലെന്ന് എം.ഡി. പറഞ്ഞു.
ടി.ഡി.എഫിനെ പ്രതിനിധാനം ചെയ്ത് ആര്. ശശിധരന്, ആര്. അയ്യപ്പന്, കെ. ഗോപകുമാര്‍, കെ. അജയകുമാര്‍, കെ.എസ്.ടി. എംപ്ലോയീസ് സംഘിനെ പ്രതിനിധാനം ചെയ്ത് ജി.കെ. അജിത്ത്, കെ.എല്‍. രാജേഷ്, എസ്. അജയകുമാര്‍, ടി.പി. വിജയന് എന്നിവര്‍ സംസാരിച്ചു.