കോഴിക്കോട്: തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ മൂവായിരത്തോളം ബസുകളില്‍ 1530 എണ്ണം ഷെഡില്‍ കയറ്റാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. യാത്രക്കാര്‍ കുറഞ്ഞതും ഇന്ധനച്ചെലവു കൂടിയതുമാണു കാരണം.
ബസുകള്‍ നിര്‍ത്തിയിടാന്‍ ഏപ്രില്‍ 1 മുതല്‍ സൗകര്യമൊരുക്കണമെന്നു മാര്‍ച്ച് അവസാനയാഴ്ച കോര്പറേഷന് അധികൃതരുടെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പായതിനാല്‍ എല്ലാ ബസുകളും റോഡിലിറക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഏപ്രില്‍ 6നു തിരഞ്ഞെടുപ്പു കഴിഞ്ഞ് 8നു ചേര്‍ന്ന യോഗത്തിലാണ് അധികമുള്ള ബസുകള്‍ നിര്‍ത്തിയിടാന്‍ തീരുമാനിച്ചത്.
കോവിഡ് ലോക്ഡൗണിനു ശേഷം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പൂര്‍ണതോതില്‍ പുനഃസ്ഥാപിച്ചിരുന്നില്ല. അതുമൂലമുള്ള യാത്രാദുരിതം രൂക്ഷമാകുന്നതിനിടെയാണു നിലവിലെ സര്‍വീസുകളും വെട്ടിക്കുറയ്ക്കുന്നത്.