തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് പുതിയ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് തീര്‍ത്ത പ്രതിസന്ധി കെഎസ്ആര്‍ടിസിയുടെ നില കൂടുതല്‍ പരുങ്ങലിലാക്കിയ സാഹചര്യത്തില്‍ കൂടിയാണ് പുതിയ പാക്കേജെന്നും തൊഴിലാളികളുടെ നീണ്ട കാലത്തെ ആവശ്യങ്ങള്‍ക്ക് ഇതിലൂടെ പരിഹാരം കാണുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പാക്കേജിന്റെ ഭാഗമായി 255 കോടി രൂപ കെഎസ്ആര്‍ടിസിക്ക് ഉടന്‍ നല്‍കുമെന്നും കെഎസ്ആര്‍ടിസി സര്‍ക്കാരിന് നല്‍കാനുള്ള 941 കോടി രൂപയുടെ പലിശ എഴുതി തള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ലെന്നും അവര്‍ക്ക് അനുബന്ധ സ്ഥാപനമായ സ്വിഫ്റ്റില്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
പ്രതിമാസം 1500 രൂപ വീതം സ്ഥിരം ജീവനക്കാര്‍ക്ക് ഇടക്കാല ആശ്വാസമായി അനുവദിക്കും. ഇതിനുള്ള അധിക തുക സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കും. പാക്കേജിന്റെ ഭാഗമായി ശമ്പള പരിഷ്കരണത്തിനുള്ള ചര്‍ച്ചകളും ആരംഭിക്കും. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കണ്‍സോര്‍ഷ്യവുമായി ചര്‍ച്ച ചെയ്ത് കെഎസ്ആര്‍ടിസിക്ക് പുതിയ വായ്പാ പദ്ധതി ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കെഎസ്ആര്‍ടിസിയുടെ കൈവശമുള്ള എല്ലാ സ്ഥലങ്ങളും കോര്പ്പറേഷന് ബാധ്യതയില്ലാത്ത രീതിയില്‍ പട്ടയം നല്‍കാനുള്ള നടപടി സ്വീകരിക്കും. അടുത്ത മൂന്ന് വര്ഷംകാണ്ട് കെഎസ്ആര്‍ടിസിയുടെ വരവും ചെലവും തമ്മിലുള വിടവ് 500 കോടിയായി കുറയ്ക്കാനാണ് ലക്ഷ്യമെന്നും ഈ തുക കെഎസ്ആര്‍ടിസി നല്കുന്ന സൗജന്യ സേവനങ്ങള്‍ക്ക് പ്രതിഫലമായി ഗ്രാന്റായി സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ കെഎസ്ആര്‍ടിസി പാക്കേജ് എന്തുകൊണ്ട് നടപ്പായില്ലെന്ന് ബന്ധപ്പെട്ടവര്‍ ആത്മപരിശോധന നടത്തണമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ വാഗ്ദനം കൃത്യമായി പാലിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷവും 1000 കോടി വീതം കെഎസ്ആര്‍ടിസിക്ക് നല്കി. നടപ്പുവര്‍ഷത്തില്‍ സര്‍ക്കാര്‍ നല്കുന്ന സാമ്പത്തിക സഹായം 2000 കോടിയിലേറെ വരും. ആകെ 4160 കോടി രൂപ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്കി. യുഡിഎഫ് കാലത്ത് കെഎസ്ആര്‍ടിസിക്ക് ആകെ നല്കിയ സഹായം 1220 കോടി മാത്രമായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.