KERALAKOTTAYAMLATEST

കെ.എസ്.ആര്‍.ടി.സി. ബസില്‍ മദ്യം കടത്ത്, രണ്ടു ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

പൊന്‍കുന്നം: പോണ്ടിച്ചേരിയില്‍ മാത്രം വില്‍പ്പനാവകാശമുള്ള മദ്യം കെ.എസ്.ആര്‍.ടി.സി. ബസില്‍നിന്ന് കണ്ടെത്തിയ സംഭവത്തില്‍ രണ്ടു ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. പൊന്‍കുന്നം ഡിപ്പോയിലെ കെ.പി.സി. 415ാം നമ്പര്‍ മണക്കടവ് ബസില്‍ കഴിഞ്ഞ മാര്‍ച്ച് നാലിന് ഡ്യൂട്ടി ചെയ്ത കണ്ടക്ടര്‍ കെ.ബി.രാജീവ്, ഡ്രൈവര്‍ റോയിമോന്‍ ജോസഫ് എന്നിവരെയാണ് കെ.എസ്.ആര്‍.ടി.സി. എക്‌സി. വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ബസിന്റെ പുറകിലത്തെ സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന രണ്ട് പെട്ടികളിലായി അരലിറ്ററിന്റെ 40 മദ്യക്കുപ്പികളാണ് എക്‌സൈസ് സംഘം അന്ന് കണ്ടെത്തിയത്. ബസില്‍ മദ്യം കൊണ്ടുവരുന്നതിന് വിലക്ക് നിലനില്‍ക്കെ ഗുരുതരവീഴ്ചയാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയത്. കണ്ടെടുത്ത മദ്യക്കുപ്പികള്‍ തലശേരി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഏല്‍പ്പിക്കുകയും അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
മദ്യം മാഹിയില്‍നിന്ന് കയറ്റുന്നതിന് ബസ് നിര്‍ത്തിക്കൊടുത്തുവെന്നാണ് സംഘം കണ്ടെത്തിയത്. ലഗേജ് യാത്രക്കാരുടേതാണെന്ന് ആദ്യം മൊഴി നല്‍കിയെങ്കിലും ലഗേജ് ചാര്‍ജ് ഈടാക്കിയതായി കാണുന്നില്ല. മദ്യം കയറ്റിയ സ്ഥലം അറിയില്ലെന്ന ജീവനക്കാരുടെ മൊഴി വിശ്വസനീയമല്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

Related Articles

Back to top button