തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. എന്ന ആനയുടെ മുകളില്‍ ഇരിക്കുന്ന ചെറുപക്ഷിയാണ് സിഫ്റ്റ്. ആനയ്ക്ക് നീങ്ങുന്നതിന് ചില പരിമിതികളുണ്ട്. എന്നാല്‍ പക്ഷിക്ക് വേഗത്തില്‍ നീങ്ങാനാകും. കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാന്‍ പുതുതായി തുടങ്ങുന്ന സിഫ്റ്റിന് കഴിയുമെന്നാണ് എം.ഡി. ബിജു പ്രഭാകര്‍ പറയുന്നത്.
സിഫ്റ്റ് എന്ന കമ്പനി രൂപവത്കരിച്ചാല്‍ മാത്രമേ സര്‍ക്കാരില്‍ നിന്നുള്ള സഹായധനം ലഭിക്കുകയുള്ളൂ. കെ.എസ്.ആര്.ടി.സിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്രകമ്പനിയാണ് സിഫ്റ്റ്. ദീര്‍ഘദൂര ബസുകളുടെ നടത്തിപ്പിന് വേണ്ടി മാത്രമാണ് ഈ സംവിധാനം. പത്തുവര്‍ഷത്തിനുശേഷം ഇത് കെ.എസ്.ആര്.ടി.സിയില്‍ ലയിപ്പിക്കും. നിഷ്ക്രിയ ആസ്തികളില്‍ നിന്ന് വരുമാനം കണ്ടെത്തുന്നതിനു വേണ്ടിയാണ് ഉപയോഗപ്രദമല്ലാത്ത ഭൂമിയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് കെട്ടിടങ്ങളും ഹോട്ടലും നിര്‍മിക്കുന്നത്. ജീവനക്കാരെ ആരെയും പിരിച്ചുവിടില്ല. തസ്തികകള്‍ കുറയ്ക്കേണ്ടിവരും. സി.എന്‍.ജി., എല്‍.എന്‍.ജി. ഇന്ധനങ്ങളിലേക്ക് മാറുമ്പോള്‍ ഇന്ധനച്ചെലവ് കുറയും. അടുത്ത ഓഗസ്റ്റിലെങ്കിലും ശമ്പളപരിഷ്കരണം നടത്താനാണ് ശ്രമം ബിജു പ്രഭാകര്‍ പറഞ്ഞു.
ജീവനക്കാരിലെ ന്യൂനപക്ഷമാണ് കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നത്. ഇവരെ തൊഴിലാളി സംഘടനകള്‍ പിന്തുണയ്ക്കുന്നില്ല. ഭൂരിഭാഗം ജീവനക്കാരും സ്ഥാപനത്തോട് അര്‍പ്പണബോധമുള്ളവരാണ്. കാര്യക്ഷമതയില്ലാത്ത മേല്‍ത്തട്ടിലെ ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്കിടയില്‍ ഇതരവരുമാനം ഉണ്ടാക്കുന്നവരെയും അഴിമതിക്കാരെയുമാണ് പുറത്താക്കേണ്ടതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
കിഫ്ബിയില്‍നിന്ന് ലഭിക്കുന്ന 359 കോടി രൂപകൊണ്ട് വാങ്ങുന്ന ബസുകള്‍ ഓടിക്കാന്‍ വേണ്ടി രൂപവത്കരിക്കുന്ന പുതിയ കമ്പനിയാണ് സിഫ്റ്റ്. കെ.എസ്.ആര്.ടി.സിയുടെ കീഴിലെ സ്വതന്ത്ര കമ്പനിയായിരിക്കും. 310 സി.എന്‍.ജി ബസുകളും 100 ഡീസല്‍ ബസുകളും 50 ഇലക്ട്രിക് ബസുകളും പുതിയതായി വാങ്ങും. കെ.യു.ആര്.ടി.സിയുടെ 190 ബസുകളും കെ.എസ്.ആര്.ടി.സിയുടെ സ്കാനിയ വോള്‍വോ വാടക ബസുകളും അടക്കം 237 ബസുകള്‍ കൂടി സിഫ്റ്റിന് നല്‍കും.
സിഫ്റ്റ് കമ്പനിയുടെ ബസ് ഡ്രൈവറുടെ പിഴവുകൊണ്ട് അപകടത്തില്‍പെട്ടാല്‍ നഷ്ടപരിഹാരം ഈടാക്കും. സ്ഥിരമായി അപകടമുണ്ടാക്കുന്നവരെ പുറത്താക്കും. ഒരോ ജീവനക്കാരനും സിഫ്റ്റ് കമ്പനിയുമായി പ്രത്യേക കരാര്‍ ഒപ്പിടേണ്ടിവരും. കെ.എസ്.ആര്.ടി.സിയിലെ സേവന വേതന വ്യവസ്ഥകളായിരിക്കില്ല സിഫ്റ്റില്‍. രണ്ട് ഡ്രൈവര്‍മാരും ഒരു കണ്ടക്ടറുമാകും ദീര്‍ഘദൂര ബസില്‍ ഉണ്ടാകുക. നിലവിലെ ഡബിള്‍ഡ്യൂട്ടി സംവിധാനം ഉണ്ടാകില്ല. പകരം മാന്യമായ പ്രതിഫലം പ്രതീക്ഷിക്കാം. യാത്രക്കാരോട് മാന്യമായി പെരുമാറണം. കുടിവെള്ളവും ബ്ലാങ്കറ്റും വിതരണംചെയ്യണം. ബസ് വൃത്തിയായി സൂക്ഷിക്കണം. ഡ്യൂട്ടി ക്രമത്തിലെ പാകപ്പിഴയാണ് കെ.എസ്.ആര്.ടി.സിക്ക് സ്വകാര്യമേഖലയുമായി മത്സരിക്കുന്നതിന് തടസ്സമുള്ളത്. ഇതൊഴിവാക്കാനാണ് സിഫ്റ്റ് എന്ന കമ്പനി രൂപവത്കരിക്കുന്നത്. കെ.എസ്.ആര്.ടി.സിയുടെ ബസും റൂട്ടും അനുബന്ധ സൗകര്യങ്ങളും സിഫ്റ്റില്‍ ഉപയോഗിക്കും. ഇതിന് പ്രതിഫലവും നല്‍കും.